കൊച്ചി: സിറോ മലബാര്‍ സിനഡിന്റെ സ്വേച്ഛാധിപത്യ തീരുമാനങ്ങള്‍ അതിരൂപത അംഗീകരിക്കില്ലെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങള്‍ക്ക് അന്തിമതീരുമാനം എടുക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ട സ്പെഷല്‍ സിനഡ് അതിരൂപതയെ വീണ്ടും ചതിച്ചു. വൈദികരുടെയും അൽമായരുടെയും അഭിപ്രായങ്ങള്‍ തേടാതെ പൂട്ടിക്കിടക്കുന്ന സെന്റ് മേരീസ് ബസിലിക്ക സൂത്രത്തില്‍ തുറന്ന് തങ്ങളുടെ പക്ഷത്തെ ജയിപ്പിക്കാനുള്ള സിനഡിന്റെ വിലകെട്ട തീരുമാനം അംഗീകരിക്കില്ല.
ബസിലിക്ക വികാരിയേയും കൈക്കാരന്മാരെയും രഹസ്യയോഗത്തിന് വിളിച്ച് ധാരണ ഒപ്പിട്ട് വാങ്ങിയശേഷം പാരിഷ് കൗണ്‍സിലുമായി ആലോചിച്ച് എത്രയും വേഗം ബസിലിക്ക തുറക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, പാരിഷ് കൗണ്‍സില്‍ യോഗത്തില്‍ സന്നിഹിതരായ 40 പേരില്‍ 38 പേരും പൂട്ടിക്കിടക്കുന്ന ഇടവക ദേവാലയം തുറക്കുകയാണെങ്കില്‍ അവിടെ ജനാഭിമുഖ കുര്‍ബാന മാത്രമേ അര്‍പ്പിക്കാനാവൂ എന്ന പ്രമേയമാണ് പാസാക്കിയത്. പ്രമേയത്തിന്റെ കോപ്പി സിനഡിന് അയച്ചുകൊടുത്തിട്ടും സ്പെഷല്‍ സിനഡാനന്തരം ‘ബസിലിക്ക തുറക്കാന്‍ തീരുമാനിച്ചു’ എന്ന് വാർത്താക്കുറിപ്പ് ഇറക്കിയ സിനഡിലുള്ള എല്ലാ വിശ്വാസവും തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.