കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച സൈബർ ബുള്ളിയിങ് കേസിലെ പ്രതി അരുൺ വിദ്യാധരന്റെ (32) മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. വിവരമറിഞ്ഞ് ബന്ധുക്കൾ ഞായറാഴ്ച കാഞ്ഞങ്ങാട്ടെത്തിയിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കോട്ടയം കോതനല്ലൂർ വരകുകാലായിൽ വി.എം. ആതിര (26) ആത്മഹത്യചെയ്ത കേസിൽ പൊലീസ് തിരയുന്നയാളാണ് അരുൺ.
അരുൺ മുറിയെടുത്തത് വ്യാജ പേരിലാണ്. ഈ മാസം രണ്ടിന് വൈകീട്ട് 6.30ന് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് അരുൺ മുറിയെടുത്തത്. രാജേഷ് കുമാർ, മുക്കത്ത് കടവിൽ, പെരിന്തൽമണ്ണ, മലപ്പുറം എന്ന വിലാസമാണ് ഇവിടെ നൽകിയത്. കൈതച്ചക്ക കൊണ്ടുപോകുന്ന സംഘത്തിലെ ഡ്രൈവറാണെന്നാണ് പറഞ്ഞത്. ലോഡ്ജിൽ മുറിയെടുത്ത ദിവസവും പിറ്റേന്ന് ഉച്ചവരെയും ഭക്ഷണം കഴിക്കാൻ പുറത്തു പോയിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴു മണി കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ജനലിലൂടെ ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കോട്ടയത്തെ കേസിലെ പ്രതിയാണെന്ന് വ്യക്തമായത്. അതിനിടെ അരുണിനെ തേടി പൊലീസ് സംഘം തമിഴ് നാട്ടിലേക്ക് പോയിരുന്നു. അരുണിന്‍റെ ടവർ ലൊക്കേഷൻ കോയമ്പത്തൂരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് തമിഴ് നാട്ടിലേക്ക് പോയത്. അരുൺ കോയമ്പത്തൂരിൽനിന്നാണ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചതെന്നാണ് സംശയിക്കുന്നത്. അരുൺ ലോഡ്ജിൽ മുറിയെടുക്കുന്ന സമയത്ത് തിരിച്ചറിയൽ കാർഡ് പരിശോധിക്കാത്തതിനാൽ ലോഡ്ജ് ജീവനക്കാരെ പൊലീസ് ചോദ്യംചെയ്യും. ലോഡ്ജിലെ ലെഡ്ജർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.