തിരുവനന്തപുരം: നിയമ നിർമാണമാണ് തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ടയെങ്കിലും വിവാദ വിഷയങ്ങളിൽ ചൂടേറിയ രാഷ്ട്രീയ കൊമ്പുകോർക്കലുകൾക്കാകും സഭാതലം വേദിയാവുക. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സഭസമ്മേളനം എന്നതിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സെഷൻ കൂടിയാണിത്. അതുകൊണ്ടുതന്നെ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ ആയുധങ്ങൾക്ക് മൂർച്ചകൂട്ടിയാണ് പ്രതിപക്ഷമെത്തുക. ക്രൂരമായ പൊലീസ് സ്റ്റേഷൻ മർദനങ്ങളിൽ ജനരോഷം തിളക്കുമ്പോൾ കൂടിയാണ് സമ്മേളനം ചേരുന്നത് എന്നതിനാൽ ഇതേ ചൂടിന്റെ സ്വാഭാവിക പ്രതിഫലനമാകും സഭയിലും.
ആരോഗ്യ മേഖലയിൽ സർക്കാറിനെ വെട്ടിലാക്കുന്ന ഡോക്ടർമാരുടെ വെളിപ്പെടുത്തലുകളും പ്രതിപക്ഷം ഉപയോഗിക്കും. തെരഞ്ഞെടുപ്പ് വർഷത്തിൽ ഒന്നിനും സർക്കാറിന് മറുപടിയില്ലെന്ന് സ്ഥാപിക്കാൻ യു.ഡി.എഫ് ശ്രമിക്കും. അതേസമയം, അച്ചടക്ക നടപടിയെടുത്തെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ പ്രതിപക്ഷത്തിനും കല്ലുകടിയാണ്.
രാഹുൽ നിയമസഭ സമ്മേളനത്തിന് എത്തുമോ ഇല്ലയോ എന്നതിൽ ഇനിയും വ്യക്തതയില്ല. ഇക്കാര്യത്തിൽ കോൺഗ്രസ് രണ്ട് തട്ടിലാണ്. ആരോപണങ്ങൾ പ്രതിരോധിക്കാൻ രാഹുലിനെ പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന കത്ത് ശനിയാഴ്ച സ്പീക്കറുടെ ഓഫിസിൽ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷമാണ് തീരുമാനത്തിലെത്തിയത്. ശബരിമല അയ്യപ്പ സംഗമം നടക്കുന്നതും ഈ സഭാ സമ്മേളന കാലയളവിലാണ്.
അയ്യപ്പ സംഗമവുമായി മുന്നോട്ടുപോകുമ്പോൾ തന്നെ യുവതി പ്രവേശന വിധിയിലെ നിലപാടിന്റെ കാര്യത്തിൽ സർക്കാർ ചോദ്യമുനയിലാണ്. നിലപാട് ചോദിച്ചിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചിട്ടില്ല. ഫലത്തിൽ യുവതി പ്രവേശനത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ കഴിയാത്ത സങ്കീർണാവസ്ഥയിലാണ് സർക്കാറും സി.പി.എമ്മും. ഈ സാഹചര്യവും പ്രതിപക്ഷം ആയുധമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.