നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഇന്നു നയപ്രഖ്യാപനം, മൂന്നിന് ബജറ്റ്

തിരുവനന്തപുരം: നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തിങ്കളാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമാകും. മാര്‍ച്ച് 30 വരെ 33 ദിവസമായി നടക്കുന്ന സമ്മേളനത്തിന്‍റെ പ്രധാന അജണ്ട അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 13 ദിവസം ധനാഭ്യർഥന ചർച്ചയാണ്. രണ്ടു ധനവിനിയോഗബില്ലുകളും സമ്മേളനം പാസാക്കും.

സർക്കാറുമായി ഏറെനാളായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ അനുരഞ്ജനത്തിന്‍റെ പാതയിലാണെന്ന് വ്യക്തമായ സൂചന നൽകുന്നതാണ് നയപ്രഖ്യാപനത്തിനായുള്ള അദ്ദേഹത്തിന്‍റെ സഭാപ്രവേശനം. നയപ്രഖ്യാപനം ഒഴിവാക്കി സഭാസമ്മേളനം നടത്താൻ സർക്കാർ ശ്രമം തുടരുന്നതിനിടെയാണ് മഞ്ഞുരുക്കത്തിന് വഴി തുറന്നത്. അതേസമയം, കഴിഞ്ഞ സമ്മേളനം പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചിട്ടില്ല.

നയപ്രഖ്യാപനത്തിനു ശേഷം ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. ആറു മുതല്‍ എട്ടു വരെ ബജറ്റ് പൊതുചര്‍ച്ച. എല്ലാ നടപടിയും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമം നിർമിക്കുന്നത് പാസാക്കുന്നതിനുവേണ്ടിയാണ്. കഴിഞ്ഞ സഭയിലെ ചില ബില്ലുകൾ ഗവർണർ ഒപ്പുവെച്ചിട്ടില്ല. അത് ഒപ്പുവെക്കേണ്ടതാണ്. ഇക്കാര്യത്തിൽ ശുഭാപ്തിയിലാണു മുന്നോട്ടുപോകുന്നത് -സ്പീക്കർ പറഞ്ഞു. നിയമസഭ സെക്രട്ടറി എ.എം. ബഷീറും പങ്കെടുത്തു. 

Tags:    
News Summary - Assembly session begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.