തിരുവനന്തപുരം: കേരളത്തിന്റെ ഭരണചലനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രവും ജനാധിപത്യ പ്രയാണത്തിലെ അവിസ്മരണീയ അടയാളപ്പെടുത്തലുകളും വൈജ്ഞാനിക സമൃദ്ധിയും പേറുന്ന നിയമസഭ ലൈബ്രറിക്ക് നൂറാണ്ടിന്റെ നിറവ്. നിയമസഭയുടെ വികാസ പരിണാമങ്ങൾക്കും സംസ്ഥാന ചരിത്ര സാക്ഷ്യങ്ങൾക്കുമൊപ്പം വളർന്ന ഈ ഗ്രന്ഥാലയത്തിന് ദിവാൻ കാലത്തോളം നീളുന്ന പഴക്കമാണുള്ളത്.
നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ ദിവാന്റെ ഓഫിസ് ലൈബ്രറിയായി തുടങ്ങിയ ഗ്രന്ഥാലയം 1921ലാണ് ‘ലെജിസ്ലേറ്റിവ് ലൈബ്രറി’യായി മാറിയത്. 1949ൽ തിരു-കൊച്ചി സംസ്ഥാന രൂപവത്കരണത്തോടെ ‘ട്രാവൻകൂർ കൊച്ചിൻ അസംബ്ലി ലൈബ്രറി’യായി പേരുമാറ്റി. 1956ൽ കേരള രൂപവത്കരണത്തോടെ ‘കേരള നിയമസഭ ലൈബ്രറി’യായും പുതുവേഷമണിഞ്ഞു. സാമാജികരുടെ വൈജ്ഞാനിക ആവശ്യങ്ങൾക്കായി രൂപം നൽകിയ ഈ ലൈബ്രറി നിയമസഭയുടെ പ്രധാന വിഭാഗമായാണ് പ്രവർത്തിക്കുന്നത്.
1,15,000 പുസ്തകങ്ങളും 150 ലേറെ ആനുകാലികങ്ങളുമുള്ള കേരളത്തിലെ ഏറ്റവും ബൃഹത്തായ സ്പെഷൽ ലൈബ്രറിയെന്ന പ്രത്യേകതയും സ്വന്തം. 1888 മുതൽ ഇതുവരെയുള്ള വിവിധ നിയമനിർമാണ സഭാ നടപടികളുടെ എഴുതപ്പെട്ട ചരിത്രശേഖരം ഇവിടെയുണ്ട്. കേരളം കണ്ട രാഷ്ട്രീയ അതികായരുടെ നിയമസഭ പ്രസംഗങ്ങളടങ്ങുന്നതാണ് ഈ അമൂല്യശേഖരം.
1888 മുതൽ 1955 വരെയുള്ള തിരുവിതാംകൂർ, കൊച്ചി, തിരുവിതാംകൂർ-കൊച്ചി ഗസറ്റ്, ഭരണ റിപ്പോർട്ടുകൾ, സർക്കാർ റിപ്പോർട്ടുകൾ എന്നിങ്ങനെ പഴക്കം ചെന്ന ഗ്രന്ഥങ്ങൾ പ്രത്യേകമായി ആർക്കൈവ്സ് വിഭാഗത്തിൽ സംരക്ഷിക്കുന്നു. 1888 മുതൽ 1932 വരെയുള്ള നിയമനിർമാണ സഭാ നടപടികൾ നിയമസഭ ലൈബ്രറിയിൽ മാത്രമാണുള്ളത്. പൊതുവിഭാഗത്തിലുള്ള ഗ്രന്ഥങ്ങൾക്കുപുറമെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ കമ്മിറ്റി-കമീഷൻ റിപ്പോർട്ടുകള്‍, ഗസറ്റുകൾ, രാജകീയ വിളംബരങ്ങൾ, ആക്ടുകൾ, ഓർഡിനൻസുകൾ, സെൻസസ് റിപ്പോർട്ടുകൾ, സുവനീറുകൾ എന്നിവയും ലൈബ്രറിയിൽ ഉൾപ്പെടുന്നു.
നിയമസഭയുടെ തനത് പൈതൃക സ്വത്തായ 70 ഗ്രന്ഥങ്ങൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ, തെരഞ്ഞെടുത്ത ഗ്രന്ഥങ്ങളും രേഖകളും ഡിജിറ്റൈസ് ചെയ്തും സൂക്ഷിക്കുന്നു. സാമാജികർക്ക് നിയമസഭ പ്രവർത്തനത്തിന് പ്രയോജനകരമായ റഫറൻസ് രേഖകൾ ഉൾക്കൊള്ളുന്നതാണ് ഡിജിറ്റൽ ലൈബ്രറി. 35,000 ൽപരം ഇ-ബുക്കുകളും പ്രധാന കോടതി വിധികളും കേന്ദ്ര-സംസ്ഥാന സർക്കാർ ഗസറ്റുകളും വിജ്ഞാപനങ്ങളും നയപരിപാടികളുമാണ് ഡിജിറ്റൽ ലൈബ്രറിയിലുള്ളത്.
തിരുവനന്തപുരം: നിയമസഭ ലൈബ്രറിയിൽ നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്കും അംഗത്വം നൽകിത്തുടങ്ങി. ഡിഗ്രി അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചാണ് അംഗത്വം നൽകുന്നത്. ഒരാൾക്ക് നാല് പുസ്തകം വരെയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.