സ്വാതന്ത്ര്യ പ്രക്ഷോഭത്തിലെ തീക്ഷ്ണവഴികൾ അനുസ്മരിച്ച് നിയമസഭ

തിരുവനന്തപുരം: സ്വാതന്ത്ര്യപ്രക്ഷോഭത്തിലെ തീക്ഷ്ണവഴികൾ അനുസ്മരിച്ചും മതനിരപേക്ഷതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളിൽ ആശങ്കപ്പെട്ടും വിഭാഗീയതയെ ഒത്തൊരുമ കൊണ്ട് ചെറുത്തുതോൽപിക്കണമെന്ന് ആഹ്വാനം ചെയ്തും പ്രത്യേക നിയമസഭ സമ്മേളനം. കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന്‍റെ ആദ്യദിനമായ തിങ്കളാഴ്ച സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാനുസ്മരണത്തിനായാണ് മാറ്റിവെച്ചത്.

മതനിരപേക്ഷത ഒരു കാലത്തുമില്ലാത്ത വിധം വെല്ലുവിളി നേരിടുകയാണെന്നും മതരാഷ്ട്രത്തിന്‍റെ കരട് ഭരണഘടന തയാറായിക്കൊണ്ടിരിക്കുന്നെന്ന വാർത്തകൾ എല്ലാവരെയും അസ്വസ്ഥരാക്കുകയാണെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. സ്വാതന്ത്ര്യസമരം നൽകുന്ന ഏറ്റവും വലിയ പാഠം മതനിരപേക്ഷമായ ജനകീയ ഐക്യത്തിന്‍റേതാണ്. ആഘോഷത്തിന്‍റേത് മാത്രമല്ല, ആലോചനകളുടേതു കൂടിയാണ് ഈ വാർഷികാവസരം. ആധുനിക രാഷ്ട്രത്തെ നിർമിക്കുന്നത് മതമല്ല, മതനിരപേക്ഷതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്ത് ഭിന്നതകളുടെ പേരിലായാലും സ്വാതന്ത്ര്യപ്പോരാളികളെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കുക നമ്മുടെയെല്ലാം ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയും ഫെഡറലിസവും സമത്വവും സ്വാതന്ത്ര്യവുമെല്ലാം സ്വാതന്ത്ര്യപ്പോരാളികളുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളാണെന്നത് വിസ്മരിക്കരുത്. അത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അവയുടെ സംരക്ഷണത്തിനായി ശക്തമായി പൊരുതുകയും ചെയ്യേണ്ട സാഹചര്യമാണിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത ശേഷം സ്വാതന്ത്ര്യ സമരത്തിനെതിരെ നിലപാടെടുത്തവരെ ഗാന്ധിജിക്കും നെഹ്റുവിനും പകരംവെക്കാൻ ശ്രമിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം ഭയപ്പെടുത്തുന്നെന്ന് വി.ഡി. സതീശൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ പൊതുശത്രുക്കളായി കണ്ട് ഫാഷിസത്തിന്‍റെ തിരിച്ചുവരവ് ഗൗരവത്തോടെ കാണണം. മതേതരത്വത്തെയും ജനാധിപത്യത്തെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെയും നെഞ്ചോട് ചേർത്തുപിടിക്കേണ്ട കാലമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Assembly calls for unity against sectarianism on commemoration of 75th anniversary of independence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.