തൃശൂർ: തലശേരിയിലെ സി.പി.എം സ്‍ഥാനാർഥി കാരായി രാജനെ കാണുമ്പോൾ തനിക്ക് യേശു ക്രിസ്തുവിനെ ഓർമ വരുന്നെന്ന് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായ അശോകൻ ചരുവിൽ. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അഭിപ്രായപ്രകടനം. കുറിപ്പിനെതിരെ പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ചരുവിലിന്റെ കുറിപ്പിൽനിന്ന്;
‘‘എനിക്ക് ഏറെ പ്രിയപ്പെട്ട ജനകീയ പൊതുപ്രവർത്തകനാണ് തലശേരിയിൽ മത്സരിക്കുന്ന കാരായി രാജൻ. ടി. പത്മനാഭനും എം. മുകുന്ദനും ഉൾപ്പെടെ അടുത്തറിയാൻ കഴിഞ്ഞവർക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ടവനാണ്. ഓരോ പ്രഭാതത്തിലും താൻ വായിച്ച കവിതകൾ പകർത്തി വാട്സ് ആപ്പിൽ അയച്ചുതരുന്ന കാരായിയെക്കുറിച്ച് മുകുന്ദൻ പറയാറുണ്ട്. തലശേരി മേഖലയിലെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം അത്രമേൽ പ്രിയപ്പെട്ടവനാണ്.
നെറ്റിയിലെ വിയർപ്പിന്റെ ഫലംകൊണ്ട് മാത്രം ഭക്ഷണം കഴിക്കുന്ന വർഗത്തിൽനിന്നും വംശത്തിൽനിന്നും ഒരാൾ നേതൃത്വത്തിലേക്ക് ഉയർന്നുവരുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകളെപ്പറ്റി പലവട്ടം എഴുതിയിട്ടുള്ളതാണ്. സഖാവ് അഴീക്കോടൻ രാഘവനെ അവർ കൊലപ്പെടുത്തുകയാണുണ്ടായത്. കാരായിയെ ചെയ്യാത്ത കുറ്റത്തിന് കള്ളക്കേസിൻ കുടുക്കി നാടുകടത്തുകയാണ് ചെയ്തത്.
നാടുകടത്തപ്പെട്ട് അലയുന്ന കാലത്ത് അദ്ദേഹത്തെ കാണുമ്പോൾ ക്രിസ്തുവിനെയാണ് ഓർമ വന്നിരുന്നത്. ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടവൻ. ‘ഞങ്ങൾക്ക് അവനെ വേണ്ട, ബറാബ്ബസിനെ മതി’ എന്ന് തലശേരിയിലെ ജനങ്ങൾ പറഞ്ഞില്ല. കാരണം അവർക്കറിയാം സഹജർക്കായി ജീവിതം സമർപ്പിച്ച ആ മനുഷ്യനെ. ‘ഒരു പീഡയെറുമ്പിനും’ ഉണ്ടാവരുതെന്ന ദൃഡനിശ്ചയത്തോടെ ജീവിക്കുന്നയാളാണെന്ന് അവർ തിരിച്ചറിയുന്നു’’. വെളുപ്പിക്കൽ ഇത്തിരി കൂടുന്നുണ്ട് എന്ന നിലക്കുള്ള ആക്ഷേപഹാസ്യ മറുപടികളാണ് കുറിപ്പിന് താഴെ വന്നിട്ടുള്ളവയിൽ അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.