ആശിഷ് ജെ. ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ഏഴ് ഹൈക്കോടതികളിൽ മാറ്റം

ന്യൂഡൽഹി: കേരളം, ഒറീസ, മണിപ്പൂർ, ആന്ധ്രാപ്രദേശ്, ബോംബെ, തെലങ്കാന, ഗുജറാത്ത് എന്നീ ഏഴ് ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നിർദ്ദേശിച്ചു.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ച കൊളീജിയം, നിലവിലെ ജസ്റ്റിസ് എസ്. വെങ്കിട്ടനാരായണ ഭട്ടിയെ സുപ്രീം കോടതിയിലേക്ക് ഉയർത്താൻ നിർദ്ദേശിച്ചു.

ആശിഷ് ജെ ദേശായ് ആദ്യം അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. 2011ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായ അദ്ദേഹം 2013ല്‍ സ്ഥിരം ജഡ്ജിയായി. ഈ വര്‍ഷം ഫെബ്രുവരി 26 നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായത്.

അലഹബാദിലെ ഏറ്റവും മുതിർന്ന ജഡ്ജി ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തു. ജസ്റ്റിസ് അഗർവാളിനൊപ്പം അലഹബാദ് ഹൈക്കോടതിക്ക് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരിൽ രണ്ടാമത്തെ ചീഫ് ജസ്റ്റിസും ഉണ്ടാകുമെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി.

ഒറീസ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാസിസ് തലപത്രയെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുലിനെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ധീരജ് സിംഗ് ഠാക്കൂറിനെ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. 

പുതിയ ചീഫ് ജസ്റ്റിസുമാർ

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലോക് ആരാധെയെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാൻ ശുപാർശ ചെയ്തു.

സുപ്രീം കോടതി കൊളീജിയം പരമ്പരാഗത മാനദണ്ഡങ്ങളായ സീനിയോറിറ്റി, പ്രാദേശിക പ്രാതിനിധ്യം, ജുഡീഷ്യറിയുടെ അമരത്ത് കൂടുതൽ വനിതാ ജഡ്ജിമാരുടെ ആവശ്യകത എന്നിവയിലൂന്നിയാണ് ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്തത്. 

Tags:    
News Summary - Ashish J Desai Chief Justice Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.