തിരുവനന്തപുരം: ഒരു മാസം തികയാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ പോരാട്ടവീര്യം ഒട്ടും കുയാതെ ആശ വർക്കർമാരുടെ സമരം മുന്നോട്ട്.
സമരത്തിന്റെ 28ാം ദിനമായ ഞായറാഴ്ചയും പിന്തുണയും ഐക്യദാർഢ്യവുമായി നിരവധിപേർ എത്തി. അടുത്തപടിയായി സെക്രട്ടേറിയറ്റിനുമുന്നിൽ ആറ്റുകാൽദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഒരുങ്ങുകയാണ് ആശമാർ. മാർച്ച് 13ന് ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ നഗരത്തിലെത്തുക.
അതിൽ ഏറെ ശ്രദ്ധേയമായമാവും ആശമാരുടെ പൊങ്കാല. മാർച്ച് 11, 12 തീയതികളിൽ മുഖ്യമന്ത്രി ഡൽഹിയിൽ കേന്ദ്രമന്ത്രിയെ സന്ദർശിക്കുമ്പോൾ ആശ വർക്കർമാരുടെ വിഷയവും ചർച്ചയാവും. ഇതിനെ ഏറെ പ്രതീക്ഷയോടെയാണ് ആശമാർ കാണുന്നത്.
സമരം ആരംഭിച്ച് മാസം ഒന്ന് തികയുമ്പോഴും ഒരേയൊരു തവണ മാത്രമാണ് സർക്കാർ ആശമാരെ ചർച്ചക്ക് ക്ഷണിച്ചത്. സർക്കാർ ഏതുസമയത്തും ചർച്ചക്ക് തയാറാണെന്നാണ് വകുപ്പുമന്ത്രി പറയുന്നത്. പക്ഷേ ചർച്ച മാത്രം നടക്കുന്നില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നാണിതിന്റെ സൂചന.
വനിതദിനത്തിൽ നടത്തിയ മഹാസംഗമത്തിന്റെ വൻ വിജയത്തോടെ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന് സെക്രട്ടേറിയറ്റിനുമുന്നിൽ ആശവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ആളുകൾ എത്തുകയാണ്. ജന്മദിനം ഉൾപ്പെടെ സ്വകാര്യ ആഘോഷങ്ങൾക്കുള്ള തുക ആശമാരുടെ സമരത്തിന് സംഭാവന നൽകുന്നവരുമുണ്ട്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ആശ വർക്കർമാർ നടത്തുന്ന രാപകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ സമരവേദിയിലെത്തും. ഇതിനുള്ള താൽപര്യം പലരും സമരനേതാക്കളെ അറിയിച്ചിട്ടുണ്ട്. 28ാം ദിവസത്തിലും സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തലിൽ പിന്തുണയുമായി നിരവധിപേർ എത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, നേതാക്കളായ എസ്. സുരേഷ്, പൂന്തുറ ശ്രീകുമാർ, ജോയൻറ് പ്ലാറ്റ്ഫോം ആക്ഷൻ ഗവ. സെക്ടർ എംപ്ലോയീസ് അസോസിയേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് വർഗീസ് എം. ജേക്കബ്, ട്രഷറർ പി.പി. എബ്രഹാം, സാധുജന പരിപാലന സംയുക്ത വേദി സംസ്ഥാന പ്രസിഡൻറ് കെ.എസ്. ഗോപി, ജോയന്റ് സെക്രട്ടറി സുരേഷ് കുമാർ കല്ലേലി, ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി ഒ.സി. വക്കച്ചൻ, ജനകീയ പ്രതിരോധ സമിതി ചേർത്തല പള്ളിപ്പുറം യൂനിറ്റ് നേതാവ് ടോണി തോമസ്, പത്തനാപുരം സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് ഡോ. പത്തനാപുരം മാത്യൂസ് തുടങ്ങി വിവിധ സംഘടനാനേതാക്കളും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തികളും സമരവേദിയിലെത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.