എൻ.എച്ച്.എം ഓഫീസിലേക്ക് മാർച്ച് നടത്തി ആശാവർക്കർമാർ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു

തിരുവനന്തപുരം: ഫെബ്രുവരി മുതലുള്ള ഓണറേറിയം കുടിശ്ശികയായതോടെ ദുരിതത്തിലായ ആശാവർക്കർമാർ എൻ.എച്ച്.എം ഓഫീസിലേക്ക് മാർച്ച് നടത്തി. സമരവേദിയിൽ നിന്ന് ആരംഭിച്ച മാർച്ച് എൻ.എച്ച്.എം ഓഫീസിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. മിനി ഉദ്ഘാടനം ചെയ്തു.

ആശമാരെ ചേർത്തുപിടിക്കും എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന മന്ത്രി വാക്ക് പാലിക്കണം, കുടിശ്ശികയായ ഓണറേറിയം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. ആശമാരുടെ വർക്ക് റിപ്പോർട്ട് ഈസിമാൻ ആപ്ലിക്കേഷനിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്താത്തതിനാൽ റിപ്പോർട്ട് കൃത്യമായി നൽകാൻ സാധിക്കുന്നില്ല എന്നുകാട്ടി ജെ.പി.എച്ച്.എൻമാർ നിസഹകരണ സമരത്തിലാണ്. മന്ത്രിയുടെ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും പൊള്ളയാണ് എന്ന് തെളിയിക്കുന്നതാണ് ഇത്.

രാഷ്ട്രീയം വെടിഞ്ഞ് ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ആരോഗ്യവകുപ്പും സർക്കാരും തയ്യാറാകണം എന്നാണ് സമരത്തിൻറെ 89 ദിവസവും ആവശ്യപ്പെടാൻ ഉള്ളത് എന്നും എസ്. മിനി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അനിതകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശാന്തമ്മ, ബീന പീറ്റർ എന്നിവർ സംസാരിച്ചു.

എൻ.എച്ച്.എൻ ഓഫീസിനു മുന്നിൽ ആശാവർക്കർമാർ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു. ഓണറേറിയം എല്ലാ മാസവും വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പ് പാലിക്കണം എന്നതുൾപ്പെടെ തങ്ങളുടെ ദുരിതം വിവരിക്കുന്ന മുദ്രാവാക്യം വിളികളോടെയാണ് ആശമാർ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയത്.

Tags:    
News Summary - ASHA workers march to NHM office, burn effigy of Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.