സഹോദരന് കരൾ പകുത്തുനൽകി ആശ വർക്കർ

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും കരൾമാറ്റ ശസ്ത്രക്രിയ വിജയം.ഹൈകോടതി അഭിഭാഷകൻ വൈക്കം തലയോലപ്പറമ്പ് ബ്രഹ്മമംഗലം പുതുവേലിൽ രണദീപിന്‍റെ (43) കരൾമാറ്റ ശസ്ത്രക്രിയയാണ് ശനിയാഴ്ച നടന്നത്. ഇദ്ദേഹത്തിന്‍റെ സഹോദരിയും ചെമ്പ് പഞ്ചായത്തിലെ ആറാം വാർഡ് ആശ വർക്കറുമായ ചെമ്പ് പരവനാട്ടുചിറയിൽ ദീപ്തിയുടെ (40) കരളാണ് സഹോദരന് തുന്നിച്ചേർത്തത്.

രാവിലെ ആറിനാണ് ദാതാവിൽനിന്ന് കരൾ എടുക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത്.വൈകീട്ട് ആറിന് കരൾ രണദീപിന്‍റെ ശരീരത്തിൽ തുന്നിച്ചേർക്കൽ ആരംഭിച്ചു. രാത്രി 11ഓടെ പൂർത്തിയായി.കഴിഞ്ഞ ജനുവരി 14ന് കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ ആദ്യമായി നടന്ന കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നു. തൃശൂർ വേലൂർ സ്വദേശി സുബീഷിനാണ് ആദ്യത്തെ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്.

ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് രണ്ടാമത്തെ ശസ്ത്രക്രിയയും ചെയ്തത്.ഡോക്ടർമാരായ ഡൊമിനിക് മാത്യു, ജീവൻ ജോസ്, തുളസി കോട്ടായി, ഓങ്കോളജി സർജൻ ഡോ. ടി.വി. മുരളി, ജനറൽ സർജറി വിഭാഗത്തിലെ ഡോ. ജോസ് സ്റ്റാൻലി, ഡോ. മനൂപ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷീല വർഗീസ്, ഡോ. അനിൽ, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്സ് സുമിത, നഴ്സുമാരായ അനു, ടിന്‍റു, ജീമോൾ, തിയറ്റർ ടെക്നീഷ്യന്മാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുള്ളത്. ഇവരെല്ലാവരും കരൾമാറ്റ ശസ്ത്രക്രിയയിൽ പ്രത്യേക പരിശീലനം നേടിയവരാണ്. ഇവർക്കൊപ്പം എറണാകുളം അമൃത ആശുപത്രിയിലെ ഡോ. സുധീന്ദ്രൻ, ഡോ. ദിനേശ്, ഡോ. രേഖ എന്നിവരും സംഘത്തിലുണ്ട്.

Tags:    
News Summary - Asha worker donates liver to brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.