തൃശൂര്‍: മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ സ്മൃതി മണ്ഡപത്തില്‍ അനുഗ്രഹം തേടി നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഇന്ന് നാമനിര്‍ദേശപത്രിക സമർപ്പിക്കാനിരിക്കെ രാവിലെ ആറു മണിയോടെ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിൽ എത്തിയ ഷൗക്കത്ത് സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി പ്രാർഥിച്ചു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ടി.വി. ചന്ദ്രമോഹന്‍, എം.പി. വിന്‍സെന്‍റ് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
ഒമ്പത് എം.എല്‍.എമാരുമായി പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ കേരളത്തില്‍ അധികാരത്തിലേറ്റിയ നേതാവായിരുന്നു കെ. കരുണാകരനെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് മുന്നണിയുണ്ടാക്കിയ നേതാവാണ്. യു.ഡി.എഫ് സ്ഥാനാർഥിയായാണ് താന്‍ നിലമ്പൂരില്‍ മത്സരിക്കുന്നത്. ലീഡറുടെ അനുഗ്രഹം നിലമ്പൂര്‍ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചു പിടിപിടിക്കാനുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്താകുമെന്നും ഷൗക്കത്ത് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ആര്യാടൻ ഷൗക്കത്ത് മെഴുകുതിരി തെളിച്ച് പുഷ്പാർച്ചന നടത്തിയിരുന്നു. തന്‍റെ പിതാവിനൊപ്പം നിരവധി കാലം പ്രവർത്തിച്ച ഉമ്മൻ ചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നെന്ന് ഷൗക്കത്ത് പറഞ്ഞു.
'എന്നും സ്‌നേഹവും വാല്‍സല്യവും തന്ന പ്രിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം. പിതാവ് ആര്യാടന്‍ മുഹമ്മദുമായി 60 വര്‍ഷം നീണ്ട ആത്മബന്ധമായിരുന്നു ഉമ്മന്‍ചാണ്ടി സാറിന്. ബാപ്പുട്ടി എന്ന് വാത്സല്യത്തോടെയാണ് എന്നെ വിളിച്ചിരുന്നത്. പിതാവിനോട് നേരിട്ട് പറഞ്ഞാല്‍ നോ പറയുമോ എന്ന് പേടിച്ച പല കാര്യങ്ങളും ഉമ്മന്‍ചാണ്ടി സാറിന്റെ ശിപാര്‍ശയോടെയാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്.
നിലമ്പൂരില്‍ ഞാന്‍ മത്സരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സാറും പിതാവും ഒപ്പമില്ല. ഇരുവരുടെയും അനുഗ്രഹം തേടി വേണം പത്രിക നല്‍കേണ്ടതെന്ന് തീരുമാനിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹമുണ്ടെങ്കിൽ എനിക്ക് വിജയിക്കാൻ കഴിയും' - ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.