ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസ്സിലായിട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസ്സിലാകാഞ്ഞിട്ടാണെന്നും താൻ ഒരാളിൽനിന്നും ഒരാനുകൂല്യവും കൈപ്പറ്റാൻ നടക്കുന്ന ആളല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില ആനുകൂല്യങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി ആവശ്യപ്പെെട്ടന്ന ഗവർണറുടെ ആരോപണത്തോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. വ്യക്തിപരമായി ഒരാളെ ഇടിച്ചുകാണിക്കേണ്ട എന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല. ഗവർണറുടെ വിമർശനങ്ങൾ തികച്ചും രാഷ്ട്രീയമാണെന്നും രാജ്ഭവനിൽ നടത്തിയ വാർത്തസമ്മേളനം അസാധാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ വാർത്തസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം അക്കമിട്ടാണ് ഒരുമണിക്കൂറിലേറെയെടുത്ത് മുഖ്യമന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രിയും ഗവർണറുമെന്ന നിലയിൽ പലവട്ടം തങ്ങൾ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. അത് തെറ്റായ കാര്യമല്ല. കണ്ണൂർ സർവകലാശാലയിൽ നിലവിലെ വി.സിയെ പുനർനിയമിക്കാമെന്ന നിയമവ്യവസ്ഥ പ്രകാരമാണ് ചാൻസലർ തുടരാൻ അനുവദിച്ചത്. ഇത് കോടതിയും അംഗീകരിച്ചു. വിഷയത്തിൽ ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണം അദ്ദേഹം തെറ്റായ രീതിയിലാണ് ധരിപ്പിച്ചത്. പറയുന്നത് വസ്തുതയല്ല. മറ്റ് കാര്യങ്ങൾ പറയുന്നത് മാന്യതയല്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ പല കാര്യങ്ങളും സംസാരിക്കും. അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ തന്നോട് സംസാരിച്ചിട്ടുണ്ടാകും. താൻ അത് വിളിച്ചുപറയുന്നത് മാന്യതയാണോ. എല്ലാം വെളിപ്പെടുത്താൻ നിന്നാൽ അദ്ദേഹം പറഞ്ഞതിന്‍റെ പൊരുൾ എല്ലാവർക്കും പിടികിട്ടും. അദ്ദേഹത്തെ ആക്ഷേപിക്കാൻ താൻ അവസരം ഉപയോഗിക്കുന്നില്ല.

ആർ.എസ്.എസ് എന്നത് എല്ലാറ്റിനെയും സംരക്ഷിക്കാൻ പോന്നതാണെന്ന തോന്നലിൽ ഉണ്ടായ മതിമറക്കൽ ഗവർണറുടെ ഭാഗത്തുണ്ട്. അത് നല്ലതല്ല. കാര്യങ്ങൾ നിയമാനുസൃതം ചെയ്യേണ്ട ഭരണഘടനാപദവിയിലാണ് അദ്ദേഹം ഇരിക്കുന്നത്. ആ പദവിയിലിരുന്ന് ഭരണഘടനാവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ പാടില്ല. താൻ ആർ.എസ്.എസ് ബന്ധമുള്ള ആളാണെന്ന് അദ്ദേഹം തുറന്നുസമ്മതിക്കുകയാണ്. സാധാരണ അത് ചെയ്യേണ്ട കാര്യമല്ല. ഗവർണർ എന്ന നിലക്ക് ആർ.എസ്.എസ് മേധാവിയെ കണ്ടത് തികച്ചും അനുചിതമാണ്. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തി മോഹൻ ഭാഗവതിനെ പോയി കാണുമ്പോൾ ആരും ചോദ്യം ചെയ്യില്ല. ഗവർണർ സ്ഥാനത്തിരിക്കുന്നയാൾ സ്വകാര്യ സന്ദർശനത്തിന് വ്യക്തിയെ വീട്ടിൽ പോയി കാണുന്നത് നാട് അംഗീകരിക്കില്ല. ഗവർണറിൽ നിക്ഷിപ്തമായ പൊതുനിലപാടിന് വിരുദ്ധമായ നടപടിയാണുണ്ടായത്.

ജനങ്ങളിലേക്ക് ഇറങ്ങുന്നുവെന്നാണ് ഗവർണർ പറയുന്നത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിക്കാൻ ഇറങ്ങുന്നുണ്ടോയെന്നറിയില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പല തെരഞ്ഞെടുപ്പുകളിലും മത്സരിച്ച ആളാണ് അദ്ദേഹം. കേരളത്തിലും ഒന്ന് മത്സരിച്ച് നോക്കണമെന്നാണെങ്കിൽ നോക്കാം.

ഗവർണറോട് സർക്കാർ അനാദരവ് കാണിക്കില്ല. ഒരു പരിപാടിയിൽ പങ്കെടുത്തില്ലെന്നതുകൊണ്ട് കേരളത്തിലെ ഔദ്യോഗിക പരിപാടിയിലൊന്നും പങ്കെടുക്കില്ലെന്ന നിലപാട് ഗവർണർക്ക് സ്വീകരിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags:    
News Summary - Arif Mohammad Khan did not understand Pinarayi Vijayan - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.