ആള്‍ദൈവങ്ങള്‍ സജീവമാണ്്, ഉറുക്കും നൂലും മന്ത്രവുമായി...

നാദാപുരം: സാക്ഷര കേരളം അഭിമാനത്തോടെ  ഉന്നതിയിലേക്ക് പോകുമ്പോള്‍ നമുക്കിടയില്‍ പടര്‍ന്നുപിടിച്ച ദുരാചാരത്തിന്‍െറ പേരില്‍ എരിഞ്ഞടങ്ങിയ കോഴിക്കോട് വെള്ളയില്‍ പുതിയ കടവിലെ ലൈല മന്‍സിലില്‍ ഷമീന ഇരകളിലൊന്ന് മാത്രമാണ്. ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ എത്തിപ്പെട്ടത് ദുരാചാരത്തിന്‍െറ അകത്തളങ്ങളിലേക്കാണ്. 

നിരവധി ഷമീനമാര്‍ ഇത്തരം ജിന്ന് മന്ത്രവാദ കേന്ദ്രങ്ങളുടെ കെണിയിലകപ്പെട്ട് ഉഴലുന്നുണ്ട്. പണവും മാനവും നഷ്ടപ്പെട്ട് പുറത്ത് പറയാത്തതുകൊണ്ട് മാത്രമാണ് വാര്‍ത്തകളാവാത്തത്. പുറമേരിയിലെ ജിന്ന് ചികിത്സ കേന്ദ്രത്തിലെ കുറ്റ്യാടി അടുക്കത്തെ തുവ്വോട്ട് പൊയില്‍ നജ്മയും ഒറ്റപ്പെട്ട ഒന്നുമാത്രമാണ്. ഇത്തരം നജ്മമാര്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ലോഡ്ജുകളിലും വീടുകളിലും കുടിയിരിക്കുന്നുണ്ട്. ഇവരുടെ ‘അദ്ഭുത കഥകള്‍’ പ്രചരിപ്പിക്കാന്‍ ഏജന്‍റ്മാരും നിരവധിയാണ്.

എരിഞ്ഞുകത്തുന്ന തീയിലേക്ക് ¤െപട്രാള്‍ ഒഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയാത്തവരാണ് നീറുന്ന നെഞ്ചിലെ തീ അകറ്റാന്‍ ഹോമകുണ്ഡങ്ങള്‍ ഒരുക്കുന്നത്. ഇവര്‍ മുതലെടുക്കുന്നത് അജ്ഞതയും ദുരിതങ്ങളും ദുഃഖങ്ങളും ഇല്ലായ്മകളെയും വല്ലായ്മകളേയുമാണ്. ജീവിത പ്രതിസന്ധികളുടെ നടുക്കയത്തില്‍ പെട്ടുപോകുന്നവര്‍ക്ക് സാന്ത്വനം എന്ന വ്യാജേന എത്തുന്ന ഇത്തരക്കാര്‍ വാരിക്കൂട്ടുന്നത് സ്വര്‍ണവും പണവും ഭൂമിയും മാത്രമല്ല. സ്വന്തം മാനത്തിന് പോലും വിലയിടുന്ന കപടമുഖങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. പുറമേരി മാളുമുക്കിലുണ്ടായ ദുരന്തംപോലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പുറംലോകം അറിയുമ്പോള്‍ മാത്രമാണ് ജിന്ന് ചികിത്സയുടെയും മന്ത്രവാദത്തിന്‍െറയും ആള്‍ദൈവ തട്ടിപ്പിന്‍െറയും പിന്നാമ്പുറങ്ങളിലേക്കുള്ള അന്വേഷണം നടക്കുന്നത്. വിവാദങ്ങളുണ്ടാകുമ്പോള്‍ പത്തിമടക്കി മാളത്തിലൊളിക്കുന്ന ഇത്തരക്കാര്‍ അന്വേഷണങ്ങളും വാര്‍ത്തകളും പ്രതിഷേധങ്ങളും മറയുമ്പോള്‍ വീണ്ടും തല പൊക്കി രംഗത്തുവരുകയാണ് പതിവ്. വന്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്ക് അജ്ഞാതമായ രാഷ്ട്രീയ, മത വേരുകളുണ്ട്. ആരാധനാലയങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് റിക്രൂട്ട്മെന്‍റ് ഏജന്‍സികളായി വരെ ഇത്തരം കപട സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

വല്ലപ്പോഴും നജ്മമാര്‍ പിടിയിലാകുമ്പോള്‍ ഇവരുടെ ദിവ്യത്വം പ്രചരിപ്പിക്കാനും ആളെ കൂട്ടാനും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ പിന്നാമ്പുറങ്ങളില്‍ മറയും. ജിന്നിനെ ആവാഹിക്കുന്ന ‘ബീവി’മാര്‍ക്കും ഉറഞ്ഞുതുള്ളി ദിവ്യത്വം കാട്ടുന്ന ‘സ്വാമി’മാര്‍ക്കും പിശാചിനെ അകറ്റുന്ന അച്ചന്മാര്‍ക്കും മാര്‍ഗങ്ങള്‍ പലതാണെങ്കിലും ലക്ഷ്യം ഒന്നാണ്. നൂലിലും വെള്ളത്തിലും തുടങ്ങി കോഴിമുട്ടയില്‍ വരെ ആഭിചാര ക്രിയകള്‍ നടത്തിയാണ് അജ്ഞതയെ ചൂഷണം ചെയ്യുക.
നാദാപുരത്തിന്‍െറ വിവിധ ഭാഗങ്ങളിലും വളയം, തൂണേരി, പുറമേരി, നരിപ്പറ്റ, വാണിമേല്‍ എന്നിവിടങ്ങളിലും ഇത്തരം ദിവ്യന്മാരുടെ കേന്ദ്രങ്ങളുണ്ട്്്. ഇവിടങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ നടക്കുന്ന ആഭിചാര കര്‍മങ്ങളില്‍ പങ്കുചേരാന്‍ ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ഒളിച്ചും പതുങ്ങിയും എത്തുക. പ്രേതബാധ അകറ്റല്‍, തകിട് മന്ത്ര ചികിത്സ, എഴുത്തുവെള്ളം കുടിക്കല്‍, വെള്ളരി കൂടോത്രം, കോഴിമുട്ട കൂടോത്രം തുടങ്ങി പല പേരുകളിലുമാണ് മന്ത്രവാദ ചികിത്സകള്‍ നടക്കുന്നത്. ജിന്ന് സേവകരും മന്ത്രവാദികളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ എന്താണെന്നുപോലും വരുന്നവര്‍ക്ക് അറിയില്ല. ഇതേക്കുറിച്ച് നാളെ.

Tags:    
News Summary - aricle about false god

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.