പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘന വിവാദത്തിൽ സി.പി.എമ്മും ദേവസ്വം ബോർഡും വെട്ടിൽ. വള്ളസദ്യയിൽ ആചാരലംഘനം നടന്നിട്ടില്ലെന്നായിരുന്നു സി.പി.എം നിലപാട്. ഇതിനിടെയാണ്, ദേവസ്വം ബോർഡാണ് ആചാരലംഘനത്തിൽ ഉപദേശംതേടി തന്ത്രിക്ക് കത്ത് നൽകിയതെന്ന വിവരം പുറത്തുവരുന്നത്. വള്ളസദ്യയിലെ ആചാരലംഘനം ഉദ്യോഗസ്ഥരാണ് രേഖാമൂലം ചൂണ്ടിക്കാട്ടിയതെന്ന് തന്ത്രിയും വെളിപ്പെടുത്തിയിരുന്നു.
വിഷയത്തിൽ ദേവസ്വംമന്ത്രി തന്നെ പ്രതിക്കൂട്ടിലായതോടെ ബോർഡും പ്രതിരോധത്തിലാണ്. ആചാരലംഘനം നടത്തിയിട്ടില്ലെന്നും കുബുദ്ധികളുടെ ഗൂഢാലോചനയാണ് പിന്നിലെന്നും ആരോപിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തിയതും ബോർഡിനെ കുരുക്കിലാക്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ അടക്കമുള്ള നേതാക്കളും ചടങ്ങിനുണ്ടായിരുന്നതിനാൽ തന്ത്രിയുടെ കത്തിൽ ബി.ജെ.പിയും മൗനത്തിലാണ്.
അതിനിടെ, ദേവസ്വം മന്ത്രിയെ ആചാരലംഘന വിവാദത്തിലേക്ക് വലിച്ചിട്ടത് ദേവസ്വം ഉദ്യോഗസ്ഥർ തന്നെയാണെന്ന് വ്യക്തമായതോടെ ബോർഡ് പ്രസിഡൻറ് ഉദ്യോഗസ്ഥരോട് വിശദീകരണവും തേടി. ആറന്മുള അസി. കമീഷണർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവർക്കാണ് നോട്ടീസ്.
സംഭവം വൻ ചർച്ചയായതോടെ ആചാരലംഘനം നടന്നിട്ടില്ലെന്ന് ആദ്യംപറഞ്ഞ പള്ളിയോട സേവാ സംഘവും നിലപാട് തിരുത്തി. തെറ്റ് തിരുത്തുമെന്ന് പറഞ്ഞ ഇവർ വള്ളസദ്യ നടത്തിപ്പ് പൂർണമായി ഏറ്റെടുക്കാനുള്ള ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വം ബോർഡിന്റെ ഗൂഢാലോചനയാണ് വിവാദത്തിന് പിന്നിലെന്നും ആരോപിച്ചു. ഇവർ തന്ത്രി നിർദേശിച്ച പരിഹാരക്രിയകൾ നടത്താനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇതോടെ വിവാദം കെട്ടടങ്ങുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷ.
സെപ്റ്റംബര്‍ 14 നടന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത് നൽകിയതോടെയാണ് വിവാദത്തിന് തുടക്കം. വള്ളസദ്യ ദേവന് നേദിക്കുന്നതിനുമുമ്പ് മന്ത്രിക്ക് നല്‍കിയത് ആചാരലംഘനമാണെന്നും പരസ്യപരിഹാരക്രിയ വേണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമുണ്ടായിട്ടില്ലെന്ന സി.പി.എം വാദം തള്ളി ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട്. ആചാരലംഘനം ചൂണ്ടിക്കാട്ടി ആദ്യം കത്ത് നൽകിയത് ക്ഷേത്രം ഉപദേശക സമിതിയും ദേവസ്വം അസി. കമീഷണറുമാണ്. ഈ രണ്ട് കത്തുകൾക്കുള്ള മറുപടിയായാണ് പരിഹാരക്രിയ നിർദേശിച്ചതെന്നും ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട് മാധ്യമങ്ങളോട് പറഞ്ഞു.
തന്നോട് ചോദിച്ചതിന് ഔദ്യോഗികമായിത്തന്നെ വിശദീകരണം നൽകുകയായിരുന്നു. തന്ത്രിയല്ല മന്ത്രിക്ക് സദ്യ വിളമ്പിയത്. ആ സമയത്ത് താന്‍ ക്ഷേത്രത്തിനുള്ളിലായിരുന്നു. വി.ഐ.പികളെ ക്ഷണിച്ചവരാണ് അവർക്ക് കൃത്യമായി സമയവും മറ്റും നൽകേണ്ടിയിരുന്നത്. ചടങ്ങുകളിൽ വീഴ്ചയുണ്ടാകാതിരിക്കാൻ നടത്തിപ്പുകാരാണ് ശ്രദ്ധിക്കേണ്ടതെന്നും ഭട്ടതിരിപ്പാട് പറഞ്ഞു. നേരത്തേ, ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നിട്ടില്ലെന്നായിരുന്നു സി.പി.എം പത്തനംതിട്ട ജില്ല നേതൃത്വം വ്യക്തമാക്കിയത്.
തിരുവനന്തപുരം: ആറന്മുള പാർഥസാരഥി ക്ഷേത്രം തന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതവും ആസൂത്രിതമായ കുബുദ്ധിയുമാണെന്ന് മന്ത്രി വി.എൻ. വാസവൻ. സെപ്റ്റംബർ 14നാണ് വള്ളസദ്യ നടന്നത്. 31 ദിവസത്തിനുശേഷമുള്ള കത്തിന്റെ യുക്തി മനസ്സിലാകുന്നില്ല. വള്ളസദ്യയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവനാണ് ക്ഷണിച്ചത്. എല്ലാ ആചാരങ്ങളും പൂർത്തീകരിച്ചാണ് സദ്യ വിളമ്പിയതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. പ്രസിഡന്റാണ് ഭക്ഷണം വിളമ്പിയത്. അടുത്ത ദിവസങ്ങളിലൊന്നും പരാതിയോ പരിഭവമോ ഉയർന്നില്ല. ഒരുമാസം കഴിഞ്ഞ് ആരോപണമുന്നയിച്ച് കത്ത് നൽകിയത് ആസൂത്രിതമാണ് -അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ നേരത്തേ വിളമ്പിയത് തെറ്റായിരുന്നെങ്കിൽ തിരുത്തുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ. അതിഥികൾക്കുവേണ്ടി മാത്രമാണ് വള്ളസദ്യ ആദ്യം വിളമ്പിയത്. നേരത്തേയും മന്ത്രിമാർ അടക്കമുള്ളവർക്ക് ഇത്തരത്തിൽ സദ്യ വിളമ്പിയിട്ടുണ്ട്. വിഷയം വിവാദമാക്കുന്നത് വള്ളസദ്യ നടത്തിപ്പിൽനിന്ന് പള്ളിയോട സേവാസംഘത്തെ ഒഴിവാക്കാനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുപിന്നിൽ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും ചേർന്നുള്ള ഗൂഢാലോചനയാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് ചോദ്യത്തിന് മറുപടിയായി തന്ത്രി ദേവസ്വത്തിന് പ്രായശ്ചിത്തം എഴുതിനൽകിയത്. സ്വന്തം ഇഷ്ടപ്രകാരമുള്ള മറുപടിയല്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ട്. തന്ത്രി ചടങ്ങ് നേരിട്ട് കണ്ടിട്ടില്ല. ബോർഡാണ് കത്തിലൂടെ തന്ത്രിയെ ഇക്കാര്യം അറിയിച്ചതെന്നും സാംബദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.