മലപ്പുറം: സിവില്‍ സ്റ്റേഷന്‍ പരിസരത്തെ സ്ഫോടനത്തിന് പിന്നില്‍ ‘ദ ബേസ് മൂവ്മെന്‍റ്’ എന്ന സംഘടനയാണെന്ന് പൊലീസിന്‍െറ പ്രാഥമിക നിഗമനം. കൊല്ലം കലക്ടറേറ്റ് പരിസരത്തുള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഈ സംഘത്തിന്‍െറ സാന്നിധ്യമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നെങ്കിലും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടത്തൊനായിട്ടില്ല. അടിമുടി ദുരൂഹമാണ് ഇത് സംബന്ധിച്ച പ്രചാരണങ്ങള്‍.
പല നിരോധിത സംഘടനകളുടെയും പുതിയ രൂപമെന്ന രീതിയില്‍ ചില മാധ്യമങ്ങളും മറ്റും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 2016 ഏപ്രില്‍ ഏഴിന് ആന്ധ്രയിലെ ചിറ്റൂരില്‍ കോടതി വളപ്പിലും ജൂണ്‍ 15ന് കൊല്ലം കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പിന് സമീപവുമുണ്ടായ സ്ഫോടനത്തിലും ആഗസ്റ്റ് ഒന്നിന് മൈസൂരിലുണ്ടായ സ്ഫോടനത്തിലും ‘ദ ബേസ് മൂവ്മെന്‍റി’ന് പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കിട്ടിയ ലഘുലേഖകളും പെന്‍ഡ്രൈവ് പോലുള്ള ഉപകരണങ്ങളും മാത്രമാണ് ഈ നിഗമനത്തിന്‍െറ അടിസ്ഥാനം. മാസങ്ങളുടെ ഇടവേളകളില്‍ ഒരേ രീതിയില്‍ സ്ഫോടനങ്ങള്‍ ആവര്‍ത്തിച്ചിട്ടും പിന്നിലുള്ളവരെ കണ്ടത്തൊനായിട്ടില്ല. കൊല്ലത്തെ സ്ഫോടനത്തെ തുടര്‍ന്ന് പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തെളിവ് ലഭിച്ചില്ല.
മലപ്പുറത്ത് നടന്ന സ്ഫോടനവും കൊല്ലത്തും മൈസൂരിലും ചിറ്റൂരിലും നടന്ന സ്ഫോടനങ്ങളും തമ്മില്‍ സമാനതകള്‍ ഏറെയുണ്ട്. ഇന്ത്യയുടെ മാപ് രേഖപ്പെടുത്തിയ കടലാസില്‍ ഇംഗ്ളീഷില്‍ ടൈപ്പ് ചെയ്ത നാല് വരി സന്ദേശം, ഉസാമ ബിന്‍ലാദന്‍െറ ചിത്രം തുടങ്ങിയവയടങ്ങിയ പെട്ടി എന്നിവ സ്ഫോടനം നടന്ന സ്ഥലങ്ങളില്‍നിന്ന് കണ്ടത്തെിയിട്ടുണ്ട്. ടിഫിന്‍ ബോക്സ് ഉപയോഗിച്ചാണ് കൊല്ലത്ത് സ്ഫോടനം നടത്തിയതെങ്കില്‍ മലപ്പുറത്ത് പ്രഷര്‍ കുക്കറിലാണ് നടപ്പാക്കിയത്.
സ്ഫോടനശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ ഇവ കണ്ടത്തെി. 2015 ജനുവരിയില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് ലഭിച്ച പോസ്റ്റല്‍ സന്ദേശത്തോടെയാണ് ‘ദ ബേസ് മൂവ്മെന്‍റ്’ എന്ന സംഘത്തെക്കുറിച്ച് ആദ്യം അറിയുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നെന്ന അറിയിപ്പാണ് ഇതിലുണ്ടായിരുന്നത്. 2016 ജനുവരിയില്‍ ബംഗളൂരുവിലെ ഫ്രഞ്ച് കോണ്‍സുലേറ്റിനാണ് സംഘത്തിന്‍െറ രണ്ടാമത്തെ കത്ത് ലഭിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സെ ഓലന്‍ഡെയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ ആയിരുന്നു ഇത്. 2016 ഏപ്രില്‍ ഏഴിന് മൂന്നാമത്തെ കത്ത് ആന്ധ്രയിലെ ചിറ്റൂരിലെ കമേഴ്സ്യല്‍ ടാക്സ് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നില്‍ നടന്ന സ്ഫോടനത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലും ലഭിച്ചു.
ഭരണ സിരാകേന്ദ്രങ്ങളില്‍ അഞ്ച് മാസത്തിനിടെ രണ്ട് സ്ഫോടനങ്ങള്‍
2016 ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റില്‍ സ്ഫോടനം നടന്നത്
സംസ്ഥാനത്ത് ജില്ല ഭരണ സിരാകേന്ദ്രങ്ങളില്‍ അഞ്ച് മാസത്തിനിടെ നടന്നത് രണ്ട് സ്ഫോടനങ്ങള്‍. യാദൃച്ഛികമായി രണ്ടിടത്തും സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ കലക്ടറായി ഉണ്ടായിരുന്നത് എ. ഷൈനമോള്‍. 2016 ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റില്‍ സ്ഫോടനം നടന്നത്.
കൊല്ലം കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പിന് സമീപമാണ് സ്ഫോടനമുണ്ടായത്. ടിഫിന്‍ ബോക്സിലാണ് കൊല്ലത്ത് സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആരെയും പിടികൂടിയിട്ടില്ല.
മലപ്പുറം സിവില്‍സ്റ്റേഷന്‍ വളപ്പിലെ സ്ഫോടനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കിയതായും കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്ന സ്ഥലം.
സംശയങ്ങള്‍ ബാക്കി
35 ഏക്കറില്‍ പരന്നുകിടക്കുന്ന മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിരവധി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇടത്താണ് ചൊവ്വാഴ്ച സ്ഫോടനം നടന്നത്.
മജിസ്ട്രേറ്റ് കോടതിക്ക് പുറമെ ജില്ലാ പി.എസ്.സി ഓഫിസ്, ഭൂജലവകുപ്പ്, ചെറുകിട ജലസേചന വകുപ്പ്, അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടറുടെ കാര്യാലയം തുടങ്ങി നിരവധി വകുപ്പുകളുടെ ജില്ലാ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്.
നാല് നിലകളില്‍ ചെറുതും വലുതുമായ മറ്റ് വകുപ്പുകളുടെ ഓഫിസുകളുമുണ്ട്. ഇവയിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പുറമെ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരും നിരവധി.
ശാന്തിതീരം പാര്‍ക്കിലേക്കുള്ള റോഡും ഈ കെട്ടിടത്തിന് മുന്നിലൂടെയാണ്. ഇതുവഴി കടന്നുപോകുന്നവരും ഏറെ. ഇത്രയും പേരുടെ കണ്ണുവെട്ടിച്ച് എങ്ങനെ സ്ഫോടകവസ്തു കാറിനടിയില്‍ സ്ഥാപിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും സിവില്‍ സ്റ്റേഷന്‍ ജീവനക്കാരുടെയും സംശയം. ആള്‍നാശമല്ല, ഭീതി പരത്തുകയാണ് സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.