വിവരാവകാശ കമീഷണർമാരുടെ നിയമനം: ഗവർണർ ഫയൽ തിരിച്ചയച്ചു

തിരുവനന്തപുരം: മൂന്ന് വിവരാവകാശ കമീഷണർമാരുടെ നിയമനത്തിനുള്ള ശിപാർശയടങ്ങിയ ഫയൽ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചു. സോണിച്ചൻ പി. ജോസഫ്, ടി.കെ. രാമകൃഷ്ണൻ, എം. ശ്രീകുമാർ എന്നിവരുടെ നിയമന ശിപാർശയിലാണ് ഗവർണർ വിശദീകരണം തേടിയത്.

മുഖ്യവിവരാവകാശ കമീഷണറായി വി. ഹരി നായരുടെ നിയമനം ഗവർണർ അംഗീകരിച്ചിരുന്നു. വിവരാവകാശ കമീഷണർമാരുടെ നിയമനം സംബന്ധിച്ച് സാമ്പത്തിക ക്രമക്കേട് ഉൾപ്പടെ പരാതികൾ രാജ്ഭവനിൽ ലഭിച്ചിരുന്നു. വിജിലന്‍സ് ക്ലിയറന്‍സ് സഹിതമുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് ഗവർണർ നിർദേശിച്ചത്. പി.എസ്.സി മെംബർമാരുടെ നിയമനത്തിൽ ഉൾപ്പെടെ വിജിലൻസ് ക്ലിയറൻസ് രാജ്ഭവൻ ആവശ്യപ്പെടാറുണ്ട്.

പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിവരാവകാശ കമീഷണർ നിയമനത്തിലും ഇതു ബാധകമാക്കി സര്‍ക്കാറിന്റെ വിശദീകരണം തേടിയത്. സുപ്രീംകോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയുമാണ് സർക്കാർ നിയമന ശിപാർശ നൽകിയതെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു.

ചീഫ് സെക്രട്ടറി പദവിക്ക് തുല്യമായ ശമ്പളവും അനുകൂല്യങ്ങളുള്ള ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്ന സർക്കാർ സർവിസിൽ ഉന്നത പദവികൾ വഹിച്ചിരുന്നവരെയും ഉയർന്ന അക്കാദമിക് യോഗ്യതകളുള്ളവരെയും ഒഴിവാക്കിയാണ് സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നവരെ ശിപാർശ ചെയ്തതെന്നും പരാതിയിലുണ്ട്.

അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം നാല് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും അപേക്ഷകരുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ പേരും യോഗ്യതകൾ സംബന്ധിച്ച വിവരങ്ങളും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള കാരണങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദേശമുണ്ട്.

ചുരുക്കപ്പട്ടിക തയാറാക്കാൻ നിയോഗിക്കുന്ന സെർച് കമ്മിറ്റി അംഗങ്ങളുടെ പേര് മുൻകൂട്ടി പ്രസിദ്ധപ്പെടുത്തണമെന്നും കോടതി നിർദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെ ലഭിച്ച 52 അപേക്ഷകരിൽനിന്ന് സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ്‌ എന്നിവരുടെ നോമിനികളെ വിവരാവകാശ കമീഷണർമാരായി നിയമിക്കാൻ സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു. 

Tags:    
News Summary - Appointment of Information Commissioners: File returned by Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.