എ.എൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാൻ നീക്കമെന്ന്: കണ്ണൂർ വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു

കണ്ണൂർ: എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് അനധികൃത നിയമനം നൽേകുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു പ്രതിഷേധം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ വസതി പ്രതിഷേധത്തിന്‍റെ ഭാഗമായി കെ.എസ്.യു ഉപരോധിച്ചു. വസതിക്ക് മുമ്പിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

എ.എൻ. ഷംസീറിന്‍റെ ഭാര്യ സഹ്‍ലയെ കണ്ണൂർ സർവകലാശാല എച്ച്.ആര്‍.ഡി സെന്‍ററില്‍ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ നിയമിക്കാൻ നീക്കം നടക്കുന്നുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. നിയമനത്തിന്‍റെ ഭാഗമായുള്ള അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഷംസീറിന്‍റെ ഭാര്യ ഇടംപിടിച്ചിട്ടുണ്ട്. ഇന്ന് അഭിമുഖം നടക്കാനിരിക്കെയാണ് കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചത്.

2020 ജൂണ്‍ 30നാണ് കണ്ണൂർ സർവകലാശാല അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗമായ എച്ച്.ആര്‍.ഡി സെന്‍ററില്‍ അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. അഭിമുഖത്തിന് ഏപ്രിൽ 16ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം തീയതിയാണ് ഉദ്യോഗാർഥികള്‍ക്ക് കത്ത് ലഭിച്ചത്.

മറ്റ് സർവകലാശാകളിൽ യു.ജി.സിയുടെ ഇത്തരം എച്ച്.ആര്‍.ഡി സെന്‍ററുകളുണ്ട്. അവിടെ ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍ എന്നീ രണ്ട് തസ്തികകള്‍ മാത്രമാണുള്ളത്. അത്തരം തസ്തികളിലേക്കുള്ള നിയമനം സാധാരണ ഡെപ്യൂട്ടേഷന്‍ വഴിയാണ് നടക്കാറുള്ളത്. എന്നാൽ, അസിസ്റ്റ് പ്രഫസർ എന്ന തസ്തികയില്ല. മറ്റ് സർവകലാശാലകളിലില്ലാത്ത ഒരു തസ്തിക കഴിഞ്ഞ വർഷം അനുവദിച്ച് അതിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിക്കുകയാണ് കണ്ണൂർ സർവകലാശാല ചെയ്തത്.

കൂടാതെ, ഒരു തസ്തികയാണ് നിലവിലുള്ളത്. ഇതിലേക്ക് 30 ഉദ്യോഗാർഥികളെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു തസ്തികയിലേക്ക് 10 പേരെ ഉൾപ്പെടുത്തിയാണ് സാധാരണ ഇത്തരം നിയമനങ്ങളില്‍ ചുരുക്കപ്പട്ടിക തയാറാക്കാറുള്ളത്. യോഗ്യതാ റാങ്കില്‍ താഴെയുള്ള സഹ്‍ലയെ കൂടി ഉള്‍പ്പെടുത്താനാണ് ചുരുക്കപ്പട്ടികയിൽ 30 പേരെ ഉൾപ്പെടുത്തിയതെന്നാണ് ഉദ്യോഗാർഥികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഡയറക്ടര്‍ തസ്തികയിൽ നിയമനം നടത്താതെയാണ് അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ നിയമനം നടത്തുന്നതെന്നും ആരോപണമുണ്ട്. നിയമനം നിർത്തിവെക്കണമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ഗവർണർക്ക് പരാതി നല്‍കിയിരുന്നു. 

Tags:    
News Summary - Appointment of AN Shamseer's wife: KSU has cordoned off the residence of Kannur VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.