ഇടുക്കിക്ക് പുറമെ ശബരിഗിരിയിലും രണ്ടാം വൈദ്യുതി നിലയം വരുന്നു

മൂലമറ്റം: മൂലമറ്റം കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുതി നിലയമായ ശബരിഗിരിയിലും രണ്ടാം വൈദ്യുതി നിലയം വരുന്നു.

നിലവിലെ 340 മെഗാവാട്ടിനുപുറമെ 260 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു നിലയം സ്ഥാപിക്കാനാണ് ആലോചന. ശബരിഗിരി എക്സ്റ്റന്‍ഷന്‍ സ്കീം എന്ന പേരിലുള്ള പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട്‌ (ഡി.പി.ആർ) തയാറാക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസിന്‌ (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്‌) എട്ടര കോടി രൂപക്ക് കരാര്‍ നല്‍കും.

വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകീട്ട് ആറുമുതൽ രാത്രി 10 വരെ സമയങ്ങളിൽ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിച്ചതാണ് പുതിയ നിലയം.

നിലവിൽ ഈ സമയങ്ങളിൽ ആവശ്യമായ വൈദ്യുതി കേരളത്തിൽ ഉൽപാദിപ്പിക്കാനാകുന്നില്ല. അന്തർ സംസ്ഥാനങ്ങളിൽനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് കുറവ് നികത്തുന്നത്. ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 40 പൈസ മുതൽ മൂന്നുരൂപ വരെ ചെലവ് വരുമ്പോൾ വൈകീട്ട് ആറുമുതൽ 10 വരെയുള്ള സമയങ്ങളിൽ പുറം വൈദ്യുതിക്ക് 20 രൂപ വരെ വരുന്നുണ്ട്. പുതിയ നിലയം യാഥാർഥ്യമാകുന്നതോടെ ഒരുപരിധിവരെ ഇത് പരിഹരിക്കാം. ഇതുവഴി പ്രതിദിനം കോടിക്കണക്കിന് രൂപ ലാഭിക്കാനാകുമെന്നും കെ.എസ്.ഇ.ബി ഡെസ്പാച്ച് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജൂഡ്സൺ കെ. റാഫേൽ പറഞ്ഞു.

60 മെഗാവാട്ട്‌ വീതം ശേഷിയുള്ള രണ്ടും 55 മെഗാവാട്ട്‌ വീതം ശേഷിയുള്ള നാലും ജനറേറ്ററുകളാണ്‌ (340 മെഗാവാട്ട്) നിലവില്‍ ശബരിഗിരിയിൽ ഉള്ളത്‌. 1968ല്‍ കമീഷന്‍ ചെയ്യുമ്പോള്‍ 300 മെഗാവാട്ടായിരുന്നു ശേഷി. 2004-09ല്‍ നടത്തിയ പുനരുദ്ധാരണത്തിലൂടെയാണ്‌ 340 മെഗാവാട്ടാക്കിയത്. പമ്പനദിയിലാണ്‌ ശബരിഗിരി പദ്ധതിയുടെ പ്രധാന റിസര്‍വോയര്‍. 5.13 കി.മീ. നീളമുള്ള ടണലിലൂടെ വെള്ളം എത്തിച്ചശേഷം 2.6 കി.മീ. വീതം നീളമുള്ള മൂന്ന്‌ പെന്‍സ്റ്റോക്കുകളിലൂടെയാണ് മൂഴിയാറിലെ പവര്‍ഹൗസില്‍ വെള്ളമെത്തിക്കുന്നത്‌.

പദ്ധതിയുടെ ശേഷി 1.96 ഇരട്ടി വര്‍ധിപ്പിച്ച്‌ 666 മെഗാവാട്ട്‌ വരെ ഉയര്‍ത്താൻ സാധ്യതയുണ്ടെന്ന സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ചീഫ്‌ എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ശബരിഗിരി വിപുലീകരണ പദ്ധതി എന്ന ആശയത്തിലേക്ക്‌ വൈദ്യുതി ബോര്‍ഡ്‌ എത്തിയത്‌.

പദ്ധതിയുടെ വാണിജ്യസാധ്യത റിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കണം. ഡി.പി.ആര്‍ 18 മാസത്തിനകം സമര്‍പ്പിക്കണമെന്നാണ്‌ വാപ്കോസുമായുള്ള കരാര്‍. മൂലമറ്റം എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കുന്നതും വാപ്കോസ്തന്നെയാണ്. 200 മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററാണ് പുതുതായി നിർമിക്കുന്ന മൂലമറ്റം ഭൂഗർഭ നിലയത്തിൽ സ്ഥാപിക്കുക.

നിലവിലെ നിലയത്തിൽ 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുണ്ട്. രണ്ടാം നിലയംകൂടി യാഥാർഥ്യമാകുന്നതോടെ മൂലമറ്റത്തുനിന്നുമാത്രം 1580 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. പുതിയ നിലയം സ്ഥാപിച്ചാലും നിലയത്തിലേക്ക് ആവശ്യമായ ഇടുക്കി ഡാമിലെ ജലത്തിന്‍റെ അളവിൽ വർധന ഉണ്ടാവുന്നില്ല.

അതിനാൽ വൈകീട്ട് ആറുമുതൽ രാത്രി 10 വരെ മാത്രം വൈദ്യുതി ഉൽപാദിപ്പിക്കുകയും ബാക്കി സമയങ്ങളിൽ അന്തർ സംസ്ഥാനങ്ങളിൽനിന്ന് വാങ്ങാനുമാണ് പദ്ധതി. മൂലമറ്റം നിലയത്തിൽനിന്ന് 500 മീറ്റർ മാറിയാണ് പുതിയ നിലയം. ഇടുക്കി ജലസംഭരണിയിൽനിന്ന് കുളമാവ് ഭാഗത്തെ തുരങ്കം വഴിയാണ് വെള്ളമെത്തിക്കുക. പുതിയ നിലയം യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും ശേഷികൂടിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായി ഇടുക്കി മാറും. 

Tags:    
News Summary - Apart from Idukki, a second power plant is being set up at Sabarigiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.