തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്ന് ആന്‍റണി രാജു
ന്യൂഡൽഹി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജു. വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്ന് ആന്‍റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
വിചാരണ നേരിടുന്നതിൽ എതിർപ്പില്ല. ഞാൻ ഇവിടെ തന്നെയുണ്ടല്ലോ എന്നും വിധി പകർപ്പ് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ആന്‍റണി രാജു വ്യക്തമാക്കി.
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. കേസിൽ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിൽ പിഴവില്ല. ആന്‍റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്. സെഷന്‍സ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതിയിൽ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചുവെന്നാണ് ആന്‍റണി രാജുവിനെതിരായ കുറ്റാരോപണം.
മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ട് ആസ്ട്രേലിയൻ പൗരനെ ഹൈകോടതി വെറുതെവിടുകയും ചെയ്തു. ആന്‍റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇതില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്‍റണി രാജു സമർപ്പിച്ച ഹരജിയിൽ സംസ്ഥാന സര്‍ക്കാർ എതിര്‍സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഏപ്രിൽ 19ന് കേസിന്‍റെ വാദത്തിനിടെ ആന്‍റണി രാജുവിന്‍റെ അഭിഭാഷകനെതിരെ രൂക്ഷ വിമർശനം സുപ്രീംകോടതി നടത്തിയിരുന്നു. കേസിൽ കേരള സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നാണ് ആന്‍റണി രാജുവിന്‍റെ അഭിഭാഷകന്‍ അന്ന് വാദിച്ചത്. വസ്തുത തീരുമാനിക്കുന്ന ആന്‍റണി രാജുവാണോ എന്ന് കോടതി ചോദിച്ചു. കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് ആന്‍റണി രാജുവിന്‍റെ അഭിഭാഷകനോട് കോടതി ആരായുകയും ചെയ്തു.
മുൻ ഗതാഗത മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജു മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന ആരോപണം ഗുരുതരമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ബോധിപ്പിച്ചത്. അഭിഭാഷകനായിരുന്ന ആന്‍റണി രാജുവിന്‍റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.