കോഴിക്കോട്: രാജ്യസഭയിലേക്ക് സർപ്രൈസിങ് സ്ഥാനാർഥിയായി അഡ്വ. ഹാരിസ് ബീരാനെ നിശ്ചയിച്ചും തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയും പേരാമ്പ്രയിൽ അഡ്വ. ഫാത്തിമ തഹ്ലിയയെ രംഗത്തിറക്കിയും ഞെട്ടിച്ച മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്ക് വി.ഡി.എസ് മന്ത്രിസഭയിൽ മന്ത്രിയെ നിശ്ചയിച്ചതിൽ പിഴച്ചോ? മന്ത്രിസഭ അധികാരമേറ്റപ്പോൾ ലീഗ് അണികൾ വ്യാപകമായി ചർച്ചചെയ്യുന്നത് ഇക്കാര്യമാണ്. അഞ്ച് മന്ത്രിമാരെ ലഭിച്ചിട്ടും കോഴിക്കോടിനും കാസർകോടിനും പ്രാതിനിധ്യം നൽകാതെ കളമശ്ശേരി എം.എൽ.എ വി.ഇ. അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കിയതിൽ ശക്തമായ അമർഷമാണ് അണികൾ പ്രകടിപ്പിക്കുന്നത്. ഇതിന് വ്യക്തമായ വിശദീകരണം നൽകാനാവാതെ നേതാക്കൾ കൈമലർത്തുന്നു.
മലപ്പുറത്തുനിന്ന് മൂന്ന് എം.എൽ.എമാരും പാർട്ടി അത്ര ശക്തമല്ലാത്ത പാലക്കാടുനിന്ന് ഒരു എം.എൽ.എയും മന്ത്രിയായപ്പോൾ ആറ് എം.എൽ.എമാരെ സംഭവാവനചെയ്ത കോഴിക്കോടിന് പ്രാതിനിധ്യം ലഭിച്ചില്ല. രണ്ടര വർഷത്തിനുശേഷം പാറക്കൽ അബ്ദുല്ലക്ക് മന്ത്രിസ്ഥാനം നൽകുമെന്ന പ്രഖ്യാപനത്തിൽ കോഴിക്കോട്ടെ ലീഗ് പ്രവർത്തകർ തൃപ്തരല്ല.
സംസ്ഥാന നേതൃത്വത്തിനും ജില്ല നേതൃത്വത്തിനുമെതിരെ രൂക്ഷ പ്രതികരണങ്ങളാണ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. കുറ്റ്യാടിയിൽ യൂത്ത് ലീഗിന്‍റെ പ്രതിഷേധ പ്രകടനവുമുണ്ടായി. മലപ്പുറം കഴിഞ്ഞാൽ ലീഗിന്‍റെ ശക്തികേന്ദ്രമാണ് കോഴിക്കോട്. ലീഗിന്‍റെ ആസ്ഥാനമുള്ള സുപ്രധാന പരിപാടികളെല്ലാം നടക്കുന്ന കോഴിക്കോട് അത് വിജയിപ്പിക്കുക മാത്രമാണോ തങ്ങളുടെ ദൗത്യമെന്നാണ് സാദിഖലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മുനവ്വറലി തങ്ങളുടെയും ഫേസ്ബുക് പോസ്റ്റുകൾക്ക് താഴെ പ്രവർത്തകർ ചോദിക്കുന്നത്.
കോഴിക്കോട് ലീഗിന് മന്ത്രിയുണ്ടാകുമെന്ന് നേരത്തെ സാദിഖലി തങ്ങൾ ജില്ല കമ്മിറ്റിക്ക് വാക്ക് നൽകിയരുന്നു. സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള വടകര ബെൽറ്റിൽ ലീഗിന്‍റെ വേരുകൾ ശക്തിപ്പെടുത്തുകയും മുമ്പ് എം.എൽ.എ ആവുകയും ഇത്തവണ കുറ്റ്യാടിയിൽ സി.പി.എമ്മിന്‍റെ കുത്തക തകർത്ത് നിയമസഭയിൽ എത്തുകയും ചെയ്ത പാറക്കൽ അബ്ദുല്ല മന്ത്രിസ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, സാദിഖലി തങ്ങളുടെ അന്തിമ പ്രഖ്യാപനത്തിൽ കളമശ്ശേരിയിൽ കന്നിയങ്കത്തിൽ എം.എൽ.എ ആയ അബ്ദുൽ ഗഫൂറിന് മന്ത്രിസ്ഥാനം നൽകിയത് കടുത്ത നിരാശയാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടാക്കിയത്.
പാർട്ടിക്ക് സ്വാധീനമുള്ള കാസർകോട് ജില്ലയിൽനിന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിനെ പരിഗണിക്കാതെ കളമശ്ശേരിയിൽ ഗഫൂറിനെ പരിഗണിച്ചതിൽ അവിടുത്തെ പ്രവർത്തകരും പ്രതിഷേധത്തിലാണ്. സാദിഖലി തങ്ങളുടെ പോസ്റ്റിന് കീഴിൽ ഇത്ര രൂക്ഷമായ പ്രതികരണം മുമ്പൊന്നും ലീഗ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ്.
തെക്കൻ ജില്ലകളിൽ ലീഗിന്‍റെ പ്രാതിനിധ്യം ഉറപ്പിക്കാനാണ് ഗഫൂറിന് മന്ത്രിസ്ഥാനം നൽകിയതെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാൽ, ഇങ്ങനെ ന്യായീകരിക്കാനാവില്ലെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി അധ്യക്ഷനായ ശേഷം സുപ്രധാന തീരുമാനങ്ങളെടുത്ത് പ്രവർത്തകരുടെയും പൊതുസമൂഹത്തിന്‍റെയും പ്രശംസ പിടിച്ചുപറ്റിയ സാദിഖലി തങ്ങൾക്ക് മന്ത്രി തെരഞ്ഞെടുപ്പിൽ പ്രതിഷേധം നേരിടേണ്ടിവരുന്നത് നേൃത്വത്തിന് വിശദീകരിക്കേണ്ടിവരും. ഭരണം ലഭിക്കുന്നതുവരെയുള്ള പരിഗണിന, ലഭിച്ചാൽ കിട്ടാതെ പോകുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുമെന്ന് പ്രവർത്തകരും നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.