അറസ്റ്റിലായ രേഷ്മയെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ
കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ ചാറ്റിങ് വിവരങ്ങൾ ഫേസ്ബുക്ക് അധികൃതരിൽ നിന്ന് ലഭിക്കാൻ പൊലീസ് നീക്കം തുടങ്ങി. രണ്ടാഴ്ചക്കുള്ളിൽ രേഷ്മയുടേയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരുടെയും മെസഞ്ചറിലൂടെയുള്ള ചാറ്റിങ് വിവരങ്ങള്‍ ലഭിക്കും.
ഇതിനിടെ രേഷ്മ അനന്തു പ്രസാദ് എന്ന മറ്റൊരു യുവാവുമായി ചാറ്റ് ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിലാല്‍ എന്ന പേരിലാണ് ഈ യുവാവ് രേഷ്മയുമായി ചാറ്റ് ചെയ്തത്. വർക്കല സ്വദേശിയായ അനന്തു, ബിലാല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്.
ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവ് ഇപ്പോൾ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ജയിലാവുന്നതിനു മുമ്പു വരെ ഇയാൾ രേഷ്മയുമായി ചാറ്റ് ചെയ്തിട്ടുണ്ട്. രേഷ്മ അറസ്റ്റിലാവുന്നതിനു തൊട്ടു മുന്‍പാണ് അനന്തു പ്രസാദ് ഒരു ക്വട്ടേഷന്‍ ആക്രമണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.
ആര്യയും ഗ്രീഷ്മയും അനന്തു എന്ന പേരില്‍ രേഷ്മയുമായി നടത്തിയ ചാറ്റ് വിവരങ്ങള്‍ ലഭിക്കുന്നതോടെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
ആര്യയും രേഷ്മയും കൂടി തന്നെ പറ്റിച്ചതാണെന്ന് പൊലീസ് പറഞ്ഞപ്പോഴും അനന്തു എന്നൊരു കാമുകന്‍ ഉണ്ടെന്ന വാദത്തിലുറച്ചു നില്‍ക്കുകയായിരുന്നു രേഷ്മ. അനന്തു അനനന്തുവിനെ കാണാന്‍ വര്‍ക്കലയില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ കാണാനായില്ല. ഈ വിവരമറിഞ്ഞാണ് ഗ്രീഷ്മയും ആര്യയും അനന്തു എന്നൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിച്ചതെന്ന് രേഷ്മ പറയുന്നു. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന്‍റെ പ്രതികാരമാണിതെന്നും രേഷ്മ അന്ന് മൊഴി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.