കോഴിക്കോട്: ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടലിനെ കുറിച്ചുള്ള എം. സ്വരാജിന്‍റെ നിലപാടിനെ പിന്തുണച്ച് സ്പീക്കർ എ.എൻ. ഷംസീർ. സ്വരാജ് പറഞ്ഞതിനോട് പൂർണമായി യോജിപ്പിക്കുന്നുവെന്ന് ഷംസീർ വ്യക്തമാക്കി. മന്ത്രി എം.ബി. രാജേഷിന് മൊയാരത്ത് ശങ്കരൻ സ്മാരക പുരസ്കാരം സമ്മാനിച്ച് സംസാരിക്കവെയാണ് സ്പീക്കർ നിലപാട് വ്യക്തമാക്കിയത്.
'രാജ്യത്തോട് കൂറുപുലർത്തുന്ന സാധാരണ ഇന്ത്യൻ പൗരനാണ് ഞാൻ. പക്ഷെ, യുദ്ധം പ്രോത്സാഹിപ്പിക്കാൻ പാടില്ല. യുദ്ധം വന്നപ്പോഴും രാജ്യത്തിന്‍റെ ബഹുസ്വരതയാണ് കണ്ടത്. പട്ടാളക്കാർക്ക് വേണ്ടി സംസാരിക്കാൻ വന്നത് സോഫിയ ഖുറേഷിയാണ്. എല്ലാ മതക്കാരും രാജ്യത്തിന്‍റെ അതിർത്തി സംരക്ഷിക്കാൻ പൊരുതുന്നുണ്ട്. ഭീകരവാദത്തിന്‍റെ പേര് പറഞ്ഞാണ് 26 പേരെ വെടിവെച്ചു കൊന്നത്.
കശ്മീരിൽ കൊല്ലപ്പെട്ട കശ്മീരുകാരനായ കുതിരവണ്ടിക്കാരന്‍റെയും ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍റെയും മരണം ഒരേ വികാരത്തിലാണ് ഞാൻ കാണുന്നത്. രണ്ടു പേരെയും എനിക്ക് പരിചയമില്ല. എന്നാൽ, രണ്ടു പേരുടെയും മരണം എന്നിലുണ്ടാക്കിയത് ഒരേ വികാരമാണ്. അതാണ് ഇന്ത്യ.
അതിനിടെ യുദ്ധവെറി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. ഈ രാജ്യത്ത് സമാധാനമുണ്ടാകണം. ഭീകരവാദം ആര് നടത്തിയാലും അതിനെ അപലപിക്കാൻ തയാറാകണം. രാജ്യത്തെ ഓരോ പൗരനും സമാധാനം പുലരണമെന്നാണ് ആഗ്രഹിക്കുന്നത്. വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് ഒരു സാധ്യതയില്ല'. -ഷംസീർ ചൂണ്ടിക്കാട്ടി.
മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള വാർത്തയാണ് യുദ്ധമെന്നാണ് എം. സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്കമാക്കിയത്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടന്നതിനെ തുടര്‍ന്നുണ്ടാവുന്ന യുദ്ധാഹ്വാനങ്ങള്‍ക്കിടയിലാണ് സ്വരാജിന്റെ പോസ്റ്റിട്ടത്.
എം. മുകുന്ദൻറെ ‘ദൽഹി ഗാഥകൾ ’ എന്ന നോവലിൽ നിന്നുള്ള വരികളിലൂടെയാണ് ‘യുദ്ധവും സമാധാനവും’ എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് തുടങ്ങുന്നത്. സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളവും സ്വന്തം വീട് തകരാത്തിടത്തോളവും ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ്. അനാഥരും അഭയാർത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകൾ. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്താനെന്നും നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരരെന്നും ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ സ്വരാജ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.