കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ പട്ടികയുടെ കരട് റദ്ദാക്കി. കഴിഞ്ഞ 18ാം തീയതി ഇറങ്ങിയ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ പട്ടികയാണ് റദ്ദാക്കിയത്. പലരും സ്വാധീനം ചെലുത്തി പട്ടികയിൽ ഇടം നേടിയെന്ന് ആക്ഷേപം ഉയർന്നതോടെയാണ് റദ്ദു ചെയ്തത്. ഉത്തരവ് ഇറങ്ങുന്നതിനു മുമ്പു തന്നെ ആക്ഷേപം ഉയർന്നിരുന്നു.
ഉത്തരവിറങ്ങി ദിവസങ്ങൾക്കുള്ളിൽ റദ്ദാക്കിയതും മോട്ടോർ വാഹന വകുപ്പിൽ ചർച്ചയായി. സ്പാർക്ക് സോഫ്റ്റ് വെയറിലെ തകരാറുമൂലം കരട് പട്ടികയിൽ പാളിച്ചകൾ കടന്നുകൂടിയിട്ടുണ്ടെന്നാണ് റദ്ദു ചെയ്തതിനുള്ള കാരണമായി പറയുന്നത്. പുതുക്കിയ കരട് ഉടൻ പുറത്തിറങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തർക്കത്തെത്തുടർന്ന് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ 2023ലും 2024ലും സ്ഥലം മാറ്റം നടന്നിരുന്നില്ല.
പുതിയ മാനദണ്ഡങ്ങൾ പരിഗണിച്ച് സ്ഥലംമാറ്റ പട്ടിക തയാറാക്കി ഉത്തരവിറക്കാൻ ട്രൈബ്യൂണൽ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു പുതിയ ഉത്തരവിറക്കിയത്. ആക്ഷേപമുള്ളവർ സ്പാർക്ക് പോർട്ടലിലൂടെ ഓൺലൈനായി പരാതി അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പലർക്കും സാങ്കേതികത്തകരാർമൂലം അപേക്ഷ നൽകാൻ കഴിഞ്ഞില്ല. സ്ഥലംമാറ്റം ഇല്ലാത്തതിനാൽ ആറു വർഷത്തിലധികമായി ഒരേ സ്ഥലത്തുതന്നെയാണ് വിവിധ ജില്ലക്കാർ ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.