ഉപദ്രവകാരികളായ വന്യ ജീവികളെ കൊല്ലാൻ കേന്ദ്ര നിയമ ഭേദഗതി വേണം; പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി

തിരുവനന്തപുരം: മനുഷ്യർക്ക് ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകി കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് കേരള നിയമസഭ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വനംമന്ത്രി എ.കെ. ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി. സമീപകാലത്ത് കേരളത്തിൽ കാടിറങ്ങിയ ആനയും കടുവയും പന്നിക്കൂട്ടങ്ങളും ജനജീവിതത്തിന് ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് സർക്കാർ പ്രമേയം കൊണ്ടുവന്നത്.

വന്യജീവി ആക്രമണങ്ങളുടെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ഭേദഗതി നിർദേശം കോൺഗ്രസിലെ ടി. സിദ്ദീഖ് മുന്നോട്ടുവെച്ചു. നഷ്ടപരിഹാരം നൽകുന്നത് സംസ്ഥാനത്തിന്‍റെ പരിധിയിലുള്ളതാണെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽ അത് ഉൾപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. വന്യജീവികൾ പെറ്റുപെരുകി ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രനിയമത്തിൽ കർശന വ്യവസ്ഥകളാണുള്ളത്. ഇത് കാലോചിതമായി പരിഷ്കരിക്കണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ വകുപ്പ് പ്രകാരം വൈൽഡ് ലൈഫ് വാർഡന് നൽകിയ എല്ലാ അധികാരങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയുംവിധം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് നൽകണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Amend Central Act to kill pesky wild animals; The resolution was unanimously passed by the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.