അമ്പലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പൊലീസ് സംഘം സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ ഒാഫിസർ, നെടുമ്പന ശ്രീധരത്തിൽ സുനിൽകുമാറിെൻറ ഭാര്യ ശ്രീകല (43), കാർ ഡ്രൈവർ കൊട്ടിയം പുത്തൻവീട്ടിൽ നൗഫൽ മൻസിൽ നൗഫൽ (27), കണ്ണനെല്ലൂർ ചേരിക്കോണംചിറയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ബാബുമോെൻറ ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഒാഫിസർ കുളപ്പാട് പുത്തൻവീട് മുഹമ്മദ്കുഞ്ഞിെൻറ മകൻ നിസാറിനെ (43) ഗുരുതര പരിക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ അമ്പലപ്പുഴ കരൂർ ഗവ. ന്യൂ എൽ.പി സ്കൂളിനുസമീപം വെള്ളിയാഴ്ച പുലർച്ചെ 4.15ഓടെയായിരുന്നു അപകടം. അങ്കമാലി പൊലീസ് സ്റ്റേഷനിൽനിന്ന് ഹസീനയുമായി കൊട്ടിയം സ്റ്റേഷനിലേക്ക് മടങ്ങിയ കാർ എറണാകുളത്തേക്ക് പോയ കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഹസീനയും ശ്രീകലയും സ്ഥലത്തുതന്നെ മരിച്ചു.
കുടുംബ വഴക്കിനെത്തുടർന്ന് ഒരുമാസം മുമ്പ് ഹസീന വീടുവിട്ട് പോയിരുന്നു. കൊട്ടിയം പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ച് വരുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ അങ്കമാലി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് കൂട്ടിക്കൊണ്ടുവരുേമ്പാഴാണ് അപകടം. കാറിെൻറ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികളായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പി.എസ്.സി കൊല്ലം റീജനൽ ഓഫിസിലെ ഉദ്യോഗസ്ഥനാണ് ശ്രീകലയുടെ ഭർത്താവ് സുനിൽകുമാർ. മക്കൾ: സ്വാതി (എം.ബി.ബി.എസ്. വിദ്യാർഥിനി; ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി), ശ്രുതി (പ്ലസ് വൺ വിദ്യാർഥിനി മീനാക്ഷിവിലാസം ഹയർ സെക്കൻഡറി സ്കൂൾ, പുന്തലത്താഴം). ഹസീനയുടെ മക്കൾ: ആസിഫ്, അഫ്സൽ, അൻസിഫ് ബാബു. (മൂവരും കുരീപ്പള്ളി എസ്.എ.ബി.ടി.എം.യു.പി.എസ് വിദ്യാർഥികൾ) നൗഫൽ നാസറുദ്ദീെൻറയും ഉബൈദാെൻറയും മകനാണ്. പൊതുപ്രവർത്തകൻ കൂടിയായ നൗഫൽ കാറ്ററിങ് സ്ഥാപനം നടത്തിവരുകയായിരുന്നു. സുഹൃത്തിെൻറ കാറിൽ, പകരക്കാരനായാണ് പൊലീസ് സംഘവുമായി പോയത്. സേഹാദരൻ -നിബിൻ.
കൂട്ടമരണം നാടിനെ ദുഃഖസാന്ദ്രമാക്കി
കൊട്ടിയം: അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ ഉൾപ്പടെ മൂന്നുപേർ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കൊട്ടിയം നിവാസികൾ ശ്രവിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് അപകടം സംബന്ധിച്ച വാർത്ത കൊട്ടിയം നിവാസികൾ അറിയുന്നത്. സംഭവം അറിഞ്ഞപ്പോൾ മുതൽ കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് ഫോൺകോളുകളുടെ നിലക്കാത്ത പ്രവാഹമായിരുന്നു. ആരൊക്കെയാണ് അപകടത്തിൽെപട്ടതെന്ന ആകാംക്ഷയിലായിരുന്നു ജനം. കണ്ണനല്ലൂർ ചേരീക്കോണത്തു നിന്ന് കാണാതായ യുവതിയെ അങ്കമാലിയിൽ നിന്ന് കണ്ടെത്തി തിരികെ വരുംവഴി ഇവർ സഞ്ചരിച്ച കാറിടിച്ചായിരുന്നു അപകടം.
ചേരീക്കോണം, നെടുമ്പന, കൊട്ടിയം എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നറിഞ്ഞതോടെ മൂന്നിടങ്ങളിലും ജനപ്രവാഹമായിരുന്നു. നെടുമ്പന ശ്രീധരത്തിൽ സുനിൽകുമാറിെൻറ ഭാര്യയും കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ െപാലീസ് ഓഫിസറുമായ ശ്രീകല(43), പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവരുകയായിരുന്ന കണ്ണനല്ലൂർ ചേരീക്കോണം ആസിഫ് നിവാസിൽ ഹബീബുല്ലയുടെ ഭാര്യ ഹസീന(30), കാർ ഓടിച്ചിരുന്ന കൊട്ടിയം ചിറയിൽ കോളനിക്കടുത്ത് പ്രതിഭാ ലൈബ്രറിക്ക് സമീപം നൗഫൽ മൻസിലിൽ നൗഫൽ (27) എന്നിവരാണ് മരിച്ചത്. ഇവേരാടൊപ്പമുണ്ടായിരുന്ന കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ െപാലീസ് ഓഫിസർ നിസാർ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് കൊട്ടിയം സ്റ്റേഷനിലെ െപാലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും സംഭവസ്ഥലത്തേക്കും മേൽനടപടികൾക്കായി ആശുപത്രിയിലേക്കും പോയിരുന്നു.
കാത്തിരുന്നത് ഉമ്മയുടെ മടങ്ങിവരവ്; കാണാനായത് ചേതനയറ്റ ശരീരം
കണ്ണനല്ലൂർ (കൊല്ലം): തങ്ങളോട് പറയാതെ പോയ ഉമ്മ മടങ്ങിവരുന്നതും കാത്തിരുന്ന മക്കൾക്ക് കാണാനായത് മാതാവിെൻറ ചേതനയറ്റ ശരീരം. കുഞ്ഞു മക്കളെ പോറ്റുന്നതിനും ജീവിതം കരുപ്പിടിപ്പിക്കുന്നതിനുമായി വീട്ടുകാരോടുപോലും പറയാതെ തൊഴിൽ തേടിപ്പോയ ഹസീന തിരികെ വീട്ടിലെത്തും മുമ്പ് അവരെ വിധി തട്ടിയെടുക്കുകയായിരുന്നു. കണ്ണനല്ലൂർ ചേരീക്കോണം ചിറയിൽ കോളനിയിൽ കൊല്ലം കടപ്പാക്കടയിലെ ഒാട്ടോ ഡ്രൈവറായ ബാബു എന്നു വിളിക്കുന്ന ഹബീബുല്ലയുടെ ഭാര്യയാണ് ഹസീന.
ചേരീക്കോണം കോളനിയിലെ കൊച്ചു വീട്ടിൽ താമസിച്ചിരുന്ന ഹസീന ജൂൺ ആറിനാണ് ആരോടും പറയാതെ വീട്ടിൽനിന്ന് പോയത്. വീട്ടുകാർ അന്നുതന്നെ പരാതി നൽകിയതനുസരിച്ച് കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. രണ്ടു ദിവസം മുമ്പ് ഇവർ എറണാകുളത്തുണ്ടെന്നറിത്ത് കൊട്ടിയം എസ്.ഐയും സംഘവും അവിടെയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എറണാകുളത്തെ ഏജൻസി മുഖേന ഇവർ അങ്കമാലിയിൽ ഹോം നഴ്സായി ജോലിനോക്കുന്നതായി വ്യാഴാഴ്ചയാണ് കൊട്ടിയം പൊലീസ് ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചത്. തുടർന്ന് അങ്കമാലി പൊലീസുമായി ബന്ധപ്പെട്ടശേഷം വ്യാഴാഴ്ച രാത്രി കൊട്ടിയം പൊലീസ് അവിടെയെത്തി ഹസീനയെ കണ്ടെത്തി കൂട്ടിക്കൊണ്ടുവരും വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്.
വീട്ടുകാർ ജോലിക്ക് പോകാൻ അനുവദിക്കില്ലെന്നതിനാലാണ് മക്കളോടും വീട്ടുകാരോടും പറയാതെ വീടുവിട്ടിറങ്ങിയത്. വ്യാഴാഴ്ച ഉമ്മയെ പൊലീസ് കണ്ടെത്തിയ വിവരമറിഞ്ഞ് തിരികെ വരുന്നതും കാത്ത് വാപ്പുമ്മ ലൈലക്കും പിതാവ് ബാബുവിനുമൊപ്പം ഉറക്കമൊഴിഞ്ഞിരിക്കുകയായിരുന്നു മക്കളായ ആസിഫും അഫ്സലും അൻസിഫും. ഏറെ പ്രതീക്ഷയോടെ ഇരിക്കുേമ്പാഴാണ് ഹസീന സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടെന്ന വിവരം അറിയുന്നത്. ഉടൻതന്നെ ബാബു സംഭവസ്ഥലത്തേക്ക് പോയെങ്കിലും ടെലിവിഷൻ ചാനലുകളിൽ ഹസീന മരിച്ചെന്ന വാർത്ത വന്നതോടെ ചേരീകോണത്തെ ഇവരുടെ കുടിലിൽനിന്ന് നിലവിളി ഉയർന്നു. വൈകീട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അലമുറയിട്ട് കരഞ്ഞ മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ ഏറെ പാടുപെടേണ്ടിവന്നു. പൊതുദർശനത്തിനുശേഷം മൃതദേഹം കൊല്ലം മക്കാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
പകരക്കാരനായി പോയി; മരണം കവർന്നു
കൊട്ടിയം: പൊതുപ്രവർത്തകനായിരുന്ന നൗഫൽ അപകടത്തിൽ മരിച്ചെന്ന വാർത്ത നാട്ടുകാർക്ക് വിശ്വസിക്കാനായില്ല. പൊലീസെത്തി സ്ഥിരീകരിച്ചതോടെ കൊട്ടിയം പ്രതിഭ ലൈബ്രറിയും പരിസരവും ദുഃഖസാന്ദ്രമായി. കാറ്ററിങ് ജോലികൾ നടത്തിവന്നിരുന്ന നൗഫൽ നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും സജീവമായിരുന്നു.സുഹൃത്തിെൻറ കാറിന് ഡ്രൈവറില്ലാതിരുന്നതിനാൽ പകരക്കാരനായാണ് നൗഫൽ ഒാട്ടംപോയത്. കൊട്ടുമ്പുറം പള്ളിയുടെ കാര്യങ്ങളിലും കെ.എം.വൈ.എഫ് സിത്താര യൂനിറ്റിലും സജീവമായിരുന്നു നൗഫൽ. കൊട്ടിയം പ്രതിഭ ലൈബ്രറിക്ക് സമീപം നൗഫൽ മൻസിലിൽ നാസറുദീെൻറയും ഉദൈബാെൻറയും രണ്ട് മക്കളിൽ മൂത്തയാളായിരുന്നു നൗഫൽ. ഇയാളുടെ മരണവിവരമറിഞ്ഞതുമുതൽ വീടിന് മുന്നിലെ ഗേറ്റിന് സമീപം മകെൻറ ചേതനയറ്റ ശരീരം കൊണ്ടുവരുന്നതുംകാത്ത് പിതാവ് നാസറുദീൻ നിന്ന കാഴ്ച അവിടെയെത്തിയവരെയെല്ലാം ദുഃഖത്തിലാക്കി.
മരണവിവരമറിഞ്ഞയുടൻ നൗഫലിെൻറ സഹോദരൻ നിബിൻ അമ്പലപ്പുഴയിലേക്ക് പോയിരുന്നു. മേൽ നടപടികൾക്കുശേഷം വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ ജീവിതത്തിെൻറ നാനാതുറകളിൽപെട്ട നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. പൊതുദർശനത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം കൊട്ടിയം കൊട്ടുമ്പുറം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.