ക​ട്ട​പ്പ​ന​യി​ലെ അ​മ​ർ​ജ​വാ​ൻ യു​ദ്ധ​സ്മാ​ര​കം

ആദരവിന്‍റെ അമർജവാൻ സ്മാരകം

കട്ടപ്പന: സ്വാതന്ത്ര്യസമര സ്മരണകളുണർത്തുന്ന സ്മാരകം കട്ടപ്പനയിലുണ്ട്. അമർജവാൻ യുദ്ധസ്മാരകം. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരോടുള്ള ആദരവിന്‍റെ അടയാളമായ ഈ യുദ്ധസ്മാരകത്തിൽ സ്വാതന്ത്ര്യദിനം, കാർഗിൽ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങി ദേശീയ പ്രധാന്യമുള്ള ദിവസങ്ങളിൽ പ്രമുഖ വ്യക്തികൾ പുഷ്പചക്രം അർപ്പിച്ച് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ഓർമ പുതുക്കുന്നു.

യുവതലമുറയിൽ സ്വാതന്ത്ര്യബോധം വളർത്താനും രാഷ്ട്രത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സ്വാതന്ത്ര്യസമര സേനാനികളുടെയും അതിർത്തിയിൽ ജീവൻ ഹോമിച്ച വീര ജവാന്മാരുടെയും സ്മരണ നിലനിർത്താനും അവർക്ക് ആദരാഞ്ജലി അർപ്പിക്കാനുമാണ് കട്ടപ്പന നഗരസഭ അമർജവാൻ യുദ്ധസ്മാരകം നിർമിക്കാൻ തീരുമാനിച്ചത്.അന്ന് കട്ടപ്പന ഗ്രാമപഞ്ചായത്താണ്. ഇന്നത്തെ നഗരസഭ സ്റ്റേഡിയത്തിനടുത്ത് ഗ്രാമപഞ്ചായത്ത് ഇതിന് സൗജന്യമായി സ്ഥലം അനുവദിച്ചു.

എക്സ് സർവിസ് ലീഗ് കട്ടപ്പന യൂനിറ്റിന്‍റെ നേതൃത്വത്തിൽ വിമുക്തഭടന്മാരും സ്കൂൾ, കോളജ് വിദ്യാർഥികളും പൊതുജനങ്ങളും ഇതിനായി ഒരേമനസ്സോടെ കൈകോർത്താണ് നിർമാണത്തിന് ഫണ്ട് കണ്ടെത്തിയത്. ഇങ്ങനെ സമാഹരിച്ച നാലരലക്ഷം രൂപയാണ് സ്മാരക നിർമാണത്തിന് ചെലവഴിച്ചത്.2012 ആഗസ്റ്റിൽ കട്ടപ്പന ഗ്രാമപഞ്ചായത്തിന്‍റെ അന്നത്തെ പ്രസിഡന്‍റ് പ്രവ്ദ ശിവരാജൻ തറക്കല്ലിട്ടു. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കിയ സ്മാരകം 2013 നവംബർ 29ന് ദക്ഷിണമേഖല നാവിക കമാൻഡർ വൈസ് അഡ്മിറൽ സതീഷ് സോണിയാണ് നാടിന് സമർപ്പിച്ചത്.

സ്വാതന്ത്ര്യബോധത്തിന്‍റെയും ദേശാഭിമാനത്തിന്‍റെയും അടയാളമായി ഇന്ന് അമർജവാൻ യുദ്ധസ്മാരകം തലയുയർത്തി നിൽക്കുന്നു. യുദ്ധസ്മാരകത്തിന്‍റെ മുകളിൽ എ.കെ 47 തോക്ക് തലകീഴായി സ്ഥാപിച്ച് അതിന് മുകളിൽ ജവാന്‍റെ ഹെൽമറ്റ് കമഴ്ത്തിവെച്ചിരിക്കുന്ന രീതിയിലാണ് രൂപകൽപന. സ്മാരകത്തിന്‍റെ സമീപത്തുകൂടി കടന്നുപോകുന്ന കട്ടപ്പന പുതിയ ബസ്സ്റ്റാൻഡ്-ഡിവൈ.എസ്.പി ഓഫിസ് റോഡിന് ഗ്രാമപഞ്ചായത്ത് അമർജവാൻ റോഡ് എന്ന് നാമകരണം നടത്തുകയും ചെയ്തതോടെ സ്മാരകം കട്ടപ്പന നഗരത്തിന്‍റെയും ഇടുക്കി ജില്ലയുടെതന്നെയും ചരിത്രസ്മാരകവും സ്വാതന്ത്ര്യ പ്രതീകവുമായി.

രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരടക്കം രാഷ്ട്രീയ നേതാക്കളും ജീവിതത്തിന്‍റെ വിവിധ തുറകളിലെ പ്രശസ്ത വ്യക്തികളും സ്വാതന്ത്ര്യസമര പോരാളികളോടുള്ള ആദരസൂചകമായി ഇവിടെ പുഷ്പചക്രം അർപ്പിച്ചിട്ടുണ്ട്.എക്സ് സർവിസ് ലീഗ് കട്ടപ്പന യൂനിറ്റ് പ്രസിഡന്‍റ് റിട്ട. ക്യാപ്റ്റൻ ഷാജി എബ്രഹാം, സെക്രട്ടറി സാബു മാത്യു, രക്ഷധികാരി റിട്ട. ക്യാപ്റ്റൻ ഫിലിപ്പോസ് മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് സ്മാരകത്തിന്‍റെ മേൽനോട്ട ചുമതല.

Tags:    
News Summary - Amarjawan Memorial of Respect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.