പത്തനംതിട്ട: പത്തനംതിട്ടയിൽ ഹോം നേഴ്‌സിന്‍റെ മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അൽഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരൻ പിള്ള (59)യാണ് മരിച്ചത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു മരിച്ചുപോയ ശശിധരൻ. ഒരു മാസം മുമ്പാണ് ശശിധരൻ പിള്ള ഹോം നേഴ്സ്‌സിന്‍റെ മർദനത്തിന് ഇരയായത്. സംഭവത്തിൽ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്‌ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വിഷ്‌ണുവിനെ അറസ്റ്റ് ചെയ്‌തത്. നിലവിൽ ഇയാൾ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ മാസം മർദിക്കപ്പെട്ടതിന് പിന്നാലെ ശശിധരന്‍റെ ആരോഗ്യനില കൂടുതൽ വഷളാകുകയിരുന്നു. ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
ആദ്യഘട്ടത്തിൽ അടുക്കളയിൽ വീണ് പരിക്കേറ്റതെന്നാണ് ശശിധരന്‍റെ കുടുംബം കരുതിയിരുന്നത്. പിന്നീട് സംശയം തോന്നിയ ബന്ധുക്കൾ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്‌ണു മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ശശിധരനെ ഹോം നേഴ്‌സ് തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ശശിധരന്റെ പങ്കാളി തിരുവനന്തപുരം പാറശ്ശാലയിലാണ് ജോലി ചെയ്‌തിരുന്നത്. മകൾ വിദേശത്തുമായിരുന്നു. ഈ സാഹചര്യത്തിലാണ് ശശിധരനെ നോക്കുന്നതിനായി കുടുംബം ഹോം നേഴ്‌സിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.