ആലുവ: ചരിത്രപ്രസിദ്ധമായ ആലുവ മഹാശിവരാത്രി ശനിയാഴ്ച. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിവരാത്രി ആഘോഷങ്ങൾ നടക്കുന്നുണ്ടെങ്കിലും പെരിയാർ തീരത്തെ മനോഹരമായ ആലുവ മണപ്പുറത്തെ ശിവരാത്രി ബലിതർപ്പണവും ആഘോഷങ്ങളുമാണ് പ്രധാനം. പൂർവികർക്ക് ബലിതർപ്പണം നടത്തുന്നതിന് പ്രാധാന്യം കൂടുതലുള്ള ശിവരാത്രി രാവിൽ ബലിതർപ്പണം നടത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തർ ആലുവ മണപ്പുറത്തെത്തും. ശിവപഞ്ചാക്ഷരീ മന്ത്രം മുഴങ്ങുന്ന മണപ്പുറത്ത് ഉറക്കമിളച്ച് രാത്രി ഭക്തർ കഴിച്ചുകൂട്ടും. പിന്നീട് പൂർവികർക്ക് ബലിയർപ്പിച്ച് മടങ്ങും.
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ നീങ്ങി രണ്ട് വർഷത്തെ ഇടവേളക്കു ശേഷമാണ് മുൻകാലങ്ങളിലേതുപോലെ വിപുലമായ ശിവരാത്രി ആഘോഷം കടന്നുവരുന്നത്. അതിനാൽ ബലിതർപ്പണത്തിനായി കൂടുതൽ ആളുകളെത്തുമെന്നാണ് കണക്കാക്കുന്നത്. അത് മുന്നിൽകണ്ടുള്ള ഒരുക്കമാണ് ദേവസ്വം ബോർഡ്, ആലുവ നഗരസഭ, റൂറൽ ജില്ല പൊലീസ്, വിവിധ വകുപ്പുകൾ എന്നിവർ ചേർന്ന് നടത്തിയിട്ടുള്ളത്. നൂറിലധികം ബലിത്തറകളാണ് തയാറാക്കിയിട്ടുള്ളത്.
മണപ്പുറം ശിവക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ച ചടങ്ങുകൾ ആരംഭിക്കും. ശനിയാഴ്ച രാത്രിയാണ് ഔദ്യോഗികമായി ബലിത്തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം നീളും. ബലിതർപ്പണത്തിനും ക്ഷേത്രദർശനത്തിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായി. ബലിതർപ്പണം നടത്തുന്ന പെരിയാർ തീരത്ത് അപകടമുണ്ടാകാതിരിക്കാൻ മുൻകരുതലുകളെടുത്തിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ഒരുമാസം നീളുന്ന വ്യാപാരമേള നടക്കും. വിവിധ ഭാഗങ്ങളിൽനിന്ന് ആലുവ മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസുകൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.