ആലുവ മുങ്ങി; പെരിയാർ കരകവിഞ്ഞൊഴുകുന്നു

കൊച്ചി: ആലുവയും പെരിയാറും ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തിലാണ് അകപ്പെട്ടിരിക്കുന്നത്.  നൂറുകണക്കിന് ആളുകൾ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന കോളുകളാണ് കൺട്രോൾ റൂം, പൊലിസ്, ഫയർഫോഴ്സ്, മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. വിവരം ലഭിക്കുന്നതിനനുസരിച്ച് അടിയന്തിര സംവിധാനം ഒരുക്കുന്നുണ്ട്.ആലുവ തോട്ടക്കാട്ടുകര പ്രദേശം പൂർണമായി വെള്ളത്തിനിടിയിലാണ്. വീടുകളുടെ ഒരുനില ഉയരത്തിൽ വെള്ളം കയറിക്കിടക്കുകയാണ്. മുന്നറിയിപ്പ് സന്ദേശങ്ങൾ മൈക്കിലൂടെ ലഭിക്കുന്നതിനനുസരിച്ച് മാറിത്താമസിക്കാം എന്ന് വിചാരിച്ചിരുന്നവർക്ക് ബുധനാഴ്ച അപ്രതീക്ഷിതമായി വെള്ളം കയറിയപ്പോൾ ഒന്നും ചെയ്യാനായില്ല. കിട്ടിയ സാധനങ്ങളുമായി എല്ലാവരും ഒഴിഞ്ഞുപോകുകയാണ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് 12നാണ് തോട്ടക്കാട്ടുകരയിൽ വെള്ളം ഇരച്ചുകയറിയത്. വീടുകളിലുണ്ടായിരുന്ന സാധനങ്ങളും ആധാർകാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകളും നഷ്ടപ്പെട്ടിരിക്കുകയാണ്. 

തിങ്കളാഴ്ച ഉച്ചയോടെ മഴ കുറയുകയും ജലനിരപ്പ് താഴുകയും ചെയ്തതോടെ പെരിയാറും പരിസര പ്രദേശങ്ങളും സാധാരണ നില കൈവരിച്ചിരുന്നു. ഇതോടെ ജില്ലയിൽ ഭൂരിഭാഗം ദുരിതാശ്വാസ ക്യാംപുകളും അടച്ചു. ചൊവാഴ്ച ഉച്ച കഴിഞ്ഞപ്പോൾ മുതൽ മഴ നിർത്താതെ പെയ്തതോടെ സ്ഥിതി കൂടുതൽ ദുസഹമായി. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി, ഇടമലയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഇതോടെ പെരിയാർ, മൂവാറ്റുപുഴയാറുകൾ കരകവിഞ്ഞു. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വെള്ളം കൈവഴികളിലൂടെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. പലയിടത്തും ആളുകൾ വീടുകളിൽതന്നെ അകപ്പെട്ട നിലയിലാണ്. വൈദ്യുതി നിലച്ചതോടെ പലർക്കും പുറംലോകവുമായി ബന്ധപ്പെടാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. 

ദേശീയപാതയും വെള്ളത്തിനടിയിലാണ്. യാത്ര ദുഷ്കരമായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിച്ചുരുക്കി. നെടുമ്പാശേരി വിമാനത്താവളവും വെള്ളത്തിൽ മുങ്ങി. ചാലക്കുടി-ആലുവ പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. തിരുവനന്തപുരം, ആലപ്പുഴ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു. 
 

Tags:    
News Summary - Aluva Flood Periyar River-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.