എം.എസ്​.പിയിൽ ക്വാറൻറീനിലുള്ള പൊലീസുകാരെ ജോലിക്ക്​ നിർബന്ധിക്കുന്നതായി ആക്ഷേപം

മലപ്പുറം: എം.എസ്​.പിയിൽ കോവിഡ്​ കേസുകൾ വർധിച്ചിട്ടും ക്വാറൻറീനിലുള്ള പൊലീസുകാരെ ജോലിക്ക്​ നിർബന്ധിക്കുന്നതായി ആക്ഷേപം. എം.എസ്.പി. കമാന്‍ഡൻറടക്കം ക്യാമ്പിലെ 14 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്​.

ഇവരുമായി ബന്ധമുണ്ടായിരുന്ന പൊലീസുകാരെ ക്യാമ്പില്‍ തന്നെ ക്വാറൻറീനിലാക്കുകയായിരുന്നു. ഇതു ലംഘിച്ച് പൊലീസുകാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും ഹാജരായില്ലെങ്കില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള നിര്‍ദേശമാണ് മേലധികാരികള്‍ ഇറക്കിയിട്ടുള്ളത്.

കോവിഡ്​ വ്യാപന സാഹചര്യത്തിൽ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവർ ആരോഗ്യ വകുപ്പ്​ നിർദേശിച്ച കാലയളവ്​ ക്വാറൻറീൻ ഇരിക്കണമെന്ന നിർദേശം അവഗണിച്ചാണ്​ പൊലീസുകാരോട് ​ജോലിക്കെത്താൻ നിർ​ബന്ധിക്കുന്നത്​​.

ഇനിയും കോവിഡ് പരിശോധന നടത്താനുള്ള പൊലീസുകാര്‍ ക്യാമ്പിലുണ്ട്. കോവിഡ്​ സുരക്ഷയുമായി ബന്ധപ്പെട്ട്​ ഡി.ജി.പിയു​െട ഉത്തരവും ബന്ധപ്പെട്ടവർ തന്നെ ലംഘിക്കുകയാണെന്ന ആക്ഷേപവുമുണ്ട്​.

പൊതുജനങ്ങളിൽ സമ്പർക്ക പട്ടികയിലുള്ളവർ വീടിനു പുറത്തിറങ്ങിയാൽ കേസെടുക്കുന്നവർ തന്നെ ​പൊലീസ്​ സേനയിൽ ഇക്കാര്യം പാലിക്കാതെ പോവുകയാണ്​. വർഷങ്ങളോളം പഴക്കമുള്ള എം.എസ്​.പി കെട്ടിടത്തിലെ ഒരു മുറിയിൽ 30ൽ കൂടുതൽ പൊലീസുകാർ കൂട്ടമായാണ് താമസിക്കുന്നത്.

400ൽ കൂടുതൽ പൊലീസുകാർ താമസിക്കുന്ന എം.എസ്​.പിയിൽ ആരോഗ്യ ജാഗ്രത സർക്കാർ നിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ രോഗവ്യാപനം കൂടുന്നതിന് കാരണമായി തീരും. മൊത്തം പൊലീസുകാർക്കായി എം.എസ്​.പിയിൽ എട്ട്​ ടോയ്​ലറ്റുകൾ മാത്രമാണുള്ളത്​.

പൊതുജനങ്ങളിൽ കോവിഡ്​ പടരുന്നത് പ്രതിരോധിക്കാൻ അഹോരാത്രം ജോലി ചെയ്യുന്ന പൊലീസുകാർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ ആവശ്യമായ സുരക്ഷ സൗകര്യങ്ങൾ ഒരുക്കാത്തതിൽ പൊലീസുകാർക്ക് ഇടയിൽ അമർഷം പുകയുന്നുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.