കോഴിക്കോട്: പിണറായി സർക്കാറിന്റെ മുഖമുദ്ര വഖഫ് കൊള്ളയാണെന്നും അന്യാധീന വഖഫുകൾ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മന്ത്രിയുടെ കാർമികത്വത്തിലാണ് വഖഫ് ഭൂമി കൈയടക്കാൻ നീക്കം നടക്കുന്നതെന്നും വഖഫ് ബോർഡ് അംഗങ്ങളായ പി.വി. അബ്ദുൽ വഹാബ് എം.പി, എം.സി. മായിൻഹാജി, പി. ഉബൈദുല്ല എം.എൽ.എ, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ ആരോപിച്ചു.
തൃശൂർ ചെറുതുരുത്തി നൂറുൽ ഹുദാ യതീംഖാനക്ക് അവകാശപ്പെട്ട അഞ്ച് ഏക്കർ ഭൂമി കേരള കലാമണ്ഡലത്തിന് വേണ്ടി ഏറ്റെടുക്കുന്നതിൽനിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
1978 മേയ് 12ന് മുസ്ലിംകളുടെ മതപരവും ധാർമികവുമായ ആവശ്യങ്ങൾക്കായി അന്നത്തെ യതീംഖാന കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി ശിഹാബ് തങ്ങളടക്കമുള്ളവർക്ക് കോയാമു ഹാജി എന്നയാൾ എഴുതിക്കൊടുത്ത വള്ളത്തോൾ നഗറിലെ ഭൂമിയാണ് നിയമം ലംഘിച്ച് ഏറ്റെടുക്കാനൊരുങ്ങുന്നത്. ബന്ധപ്പെട്ട വഖഫ് സ്ഥാപനമോ വഖഫ് ബോർഡോ അറിയാതെയാണ് കേന്ദ്ര വഖഫ് നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായി വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുന്നത്.
കാസർകോട് എം.ഐ.സി വക ഭൂമി ടാറ്റയുടെ കോവിഡ് ആശുപത്രിക്ക് വേണ്ടി ഏറ്റെടുത്തതും എറണാകുളത്തെ ചെറായി ബീച്ചിലെ ഫാറൂഖ് കോളജിന് അവകാശപ്പെട്ട 506 ഏക്കർ ഭൂമിയിൽ അന്യാധീനപ്പെടുത്തി കൈവശം വെക്കുന്നവരിൽനിന്ന് നികുതി സ്വീകരിക്കാൻ തഹസിൽദാർക്ക് നിർദേശം കൊടുത്തതും ശരിയല്ലെന്നും ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.