ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ഐ.ടി മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച റൗണ്ട് ടേബ്ൾ മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്തുന്നവർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ഐ.ടി മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യാൻ 31 പ്രമുഖ നിക്ഷേപകർ പങ്കെടുത്ത റൗണ്ട് ടേബ്ൾ മീറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐ.ടി മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 2000 ത്തോളം കമ്പനികളിലായി രണ്ട് ലക്ഷത്തോളം ഐ.ടി പ്രൊഫഷനലുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 30 ശതമാനം സ്ത്രീകളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, റോബോട്ടിക്സ്, ക്ലൗഡ് ടെക്നോളജികൾ, വെർച്വൽ റിയാലിറ്റി എന്നിവയുൾപ്പെടെ ഭാവി സാങ്കേതികവിദ്യയിൽ എഞ്ചിനീയറിങ് വിദ്യാർഥികൾക്കായി വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്.
പഠനം പൂർത്തിയാകുന്നതോടെ തൊഴിലുറപ്പാക്കാം. വ്യവസായികൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മികച്ച വ്യവസായ സാധ്യതകളുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത നിക്ഷേപക പ്രതിനിധികൾ പറഞ്ഞു. ലളിതമായ നിയമങ്ങൾ പ്രോത്സാഹനമാണ്. വ്യവസായ നയങ്ങളിലെ പല നിയന്ത്രണങ്ങളും നീക്കിയത് ഗുണകരമായെന്നും പ്രതിനിധികൾ പറഞ്ഞു.
കൊച്ചി: കൊച്ചിയിൽ ബോട്ട് നിർമാണ യൂണിറ്റ് ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പിന് കീഴിലെ ആർട്സൺ കമ്പനി. മലബാർ സിമന്റ്സുമായി സഹകരിച്ചാണ് 300 കോടിയുടെ പദ്ധതിക്ക് താൽപര്യ പത്രം ഒപ്പിട്ടത്. 100 ടണ്ണിൽ താഴെ ഭാരം വരുന്ന ബോട്ടുകളാണ് നിർമിക്കുകയെന്ന് ആർട്സൺ ഗ്രൂപ്പ് സി.ഇ.ഒ ശശാങ്ക് ഝാ, മലബാർ സിമൻറ്സ് മാനേജിങ് ഡയറക്ടർ ചന്ദ്ര ബോസ് എന്നിവർ വിശദീകരിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് മലബാർ സിമൻറ്സ് ലീസിന് എടുത്ത ഏഴ് ഏക്കറിലാണ് യൂനിറ്റ് ആരംഭിക്കുക. ആറുമാസത്തിനുള്ളിൽ നിർമാണം തുടങ്ങും. ആദ്യഘട്ടത്തിൽ ബോട്ടുകൾ വാട്ടർ മെട്രോക്ക് കൈമാറും. ഭാവിയിൽ കയറ്റുമതിയും പരിഗണനയിലുണ്ടെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.