സുഡാനിലെ ആക്രമണത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രം

ന്യൂഡൽഹി: സുഡാനിന്റെ തലസ്ഥാന നഗരമായ ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് സുഡാനിൽ നടന്ന വെടിവെപ്പിൽ മരിച്ചത്. അഗസ്റ്റിന്‍റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

അഗസ്റ്റിന്റെ പിതാവുമായി സംസാരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന അഗസ്റ്റിന്റെ ഭാര്യയും മകളും സുരക്ഷിതരാണെന്നും തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഗസ്റ്റിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. സുഡാനിലെ ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അഗസ്റ്റിൻ കാനഡയിലുള്ള മകനോട് സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു.

2021 ഒക്ടോബറിൽ അട്ടിമറിയിലൂടെ സൈന്യം സുഡാനിന്റെ അധികാരം പിടിച്ചെടുത്ത് പരമാധികാര കൗൺസിലിലൂടെ രാജ്യം ഭരിക്കുകയാണ്. സിവിലിയൻ സർക്കാരിന് അധികാരം കൈമാറുന്നതിനുള്ള നിർദ്ദിഷ്ട സമയക്രമത്തെച്ചൊല്ലി സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ തർക്കം നടക്കുന്നുണ്ട്.

സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഖാർത്തൂമിലെ വിവിധ പ്രദേശങ്ങളിൽ സ്ഫോടനങ്ങളും ഏറ്റുമുട്ടലുകളും പതിവാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്ത് സ്ഥിരതാമസമാക്കിയ 1,200 പേർ ഉൾപ്പെടെ 4,000 ഇന്ത്യക്കാർ സുഡാനിലുണ്ട്. 

Tags:    
News Summary - All help will be provided to family of Kerala man who died in Sudan violence: Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.