ആലപ്പുഴ ലഹരിക്കടത്ത് കേസ്: രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം

ലഹരി കടത്ത് കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻറ് ചെയ്‌തു.

രണ്ട് ദിവസമായി തുടരുന്ന ചർച്ചകൾക്ക് ഒടുവിൽ ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നൽകിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങളാണ്. വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ.

ഇതിനിടെ വിഷയം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ,ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. 

ലഹരി ഉത്പന്നങ്ങൾ കടത്താനാവശ്യമായ പണം എവിടുന്ന് കിട്ടിയെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് പിടിയിലായവർ മറുപടി നൽകിയിട്ടില്ല. ഇവരുടെ ഫോണ്‍ രേഖകൾ പരിശോധിച്ച് ഇത് കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതിനുപിന്നിൽ വൻ മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള സംശയവ​ും പൊലീസിന്റെ ഭാഗത്തുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

Tags:    
News Summary - Alappuzha drug smuggling case: CPM has taken action against two persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.