‘മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്’; എ.കെ ആന്‍റണിയെ പിന്തുണച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന എ.കെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോണ്‍ഗ്രസ് എന്നും ശക്തിയായി എതിര്‍ത്തിട്ടുള്ളത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. മതസൗഹാര്‍ദ്ദം നിലനിര്‍ത്തി ഭാരതത്തിന്റെ മതേതരത്വവും അസ്ഥിത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്നും സുധാകരൻ വ്യക്തമാക്കി.

മതേതരമൂല്യങ്ങളും ഉയര്‍ന്ന ജനാധിപത്യബോധവും കാത്തുസൂക്ഷിക്കുന്ന കോണ്‍ഗ്രസിന് ഒരു വര്‍ഗീയതയുമായി സമരസപ്പെട്ട് പോകാനാകില്ല. അതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പാരമ്പര്യം. ഇഷ്ടമുള്ള ആചാര അനുഷ്ഠാനങ്ങള്‍ തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും ഓരോ പൗരനും അവകാശമുണ്ട്. പള്ളികളിലും അമ്പലത്തിലും പോകുന്നത് കൊണ്ട് ആരും വര്‍ഗീയ വാദികളാവുന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയും വൈവിധ്യവും ഒരുപോലെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിന് ജാതി, മതം, ഭാഷ, വര്‍ഗം, വര്‍ണ്ണം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണാനാവില്ല. എന്നാല്‍, വിശ്വാസികള്‍ക്ക് വര്‍ഗീയ നിറം നല്‍കി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സി.പി.എമ്മിനും ബി.ജെ.പിക്കുമുള്ളത്. ഹിന്ദുമതത്തിന്റെ കുത്തക അവകാശപ്പെടുന്ന ബി.ജെ.പിക്ക് ആ മതം ഉള്‍ക്കൊള്ളുന്ന വിശാലമനസ്‌കത ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

എല്ലാവരെയും ഒരുപോലെ കാണുന്ന കോണ്‍ഗ്രസ് രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും പോറല്‍ ഏല്‍പ്പിക്കുന്ന വര്‍ഗീയതയെ എന്നും ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. ഇനിയുമത് തുടരും. ആന്റണിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പൊതുരാഷ്ട്രീയ ബോധത്തില്‍ നിന്നുള്ളതാണ്. കോണ്‍ഗ്രസിന്റെ മതേതര കാഴ്ചപ്പാടുകളോട് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന നൂറുശതമാനം ശരിയുമാണത്. കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടര്‍ന്ന വന്ന രാഷ്ട്രീയ ദര്‍ശനത്തിന്റെ പുനഃപ്രഖ്യാപനമാണ് ആന്റണി നടത്തിയത്. വര്‍ഗീയത തൊട്ടുതീണ്ടാത്ത എല്ലാ മതേതര മനസ്സുകളെയും ഒപ്പം നിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരം. ഇന്ത്യന്‍ ഭരണഘടനയെ ഉള്‍ക്കൊള്ളുകയും ജനാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന മതേതരവാദികളായ ആരെയും കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - AK Antony's opinion is Congress policy - K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.