കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനായി എയർ ഇന്ത്യയുടെ സുരക്ഷ പരിശോധന തുടങ്ങി.
എയർ ഇന്ത്യയുടെ ഒാപറേഷൻസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സുരക്ഷ പരിശോധനക്കും സാേങ്കതിക റിപ്പോർട്ട് തയാറാക്കുന്നതിനുമായി എയർ ഇന്ത്യയുടെ ഡൽഹി ആസ്ഥാനത്തുനിന്ന് കരിപ്പൂരിൽ എത്തിയത്. ക്യാപ്റ്റൻ രൻധാവെ, ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണുള്ളത്.
വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇവര്‍ ചര്‍ച്ച നടത്തി. കോഡ് ‘ഇ’യിലെ 256 സീറ്റുകളുള്ള ബി 787-800 ഡ്രീംലൈനർ വിമാനം ഉപയോഗിച്ച് കരിപ്പൂരിൽനിന്ന് സർവിസ് ആരംഭിക്കുന്നതിനാണ് എയർ ഇന്ത്യയുടെ പരിഗണനയിലുള്ളത്.
തിങ്കളാഴ്ച നടന്ന സുരക്ഷ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും എയർ ഇന്ത്യ സർവിസ് ആരംഭിക്കുക. പരിശോധന അനുകൂലമാണെങ്കിൽ എയർ ഇന്ത്യ വിമാനത്താവള അതോറിറ്റിക്ക് സുരക്ഷ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന്, വിമാനത്താവള അതോറിറ്റി ഇൗ റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന്‍ (ഡി.ജി.സി.എ) കൈമാറും. സർവിസ് പുനരാരംഭിക്കുന്നതിന് അന്തിമ അനുമതി നൽകേണ്ടത് ഡി.ജി.സി.എയാണ്. അനുമതി ലഭിച്ചാൽ ജിദ്ദ, റിയാദ്, ദുബൈ സെക്ടറിൽ സർവിസ് ആരംഭിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.