എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

എയർ ഇന്ത്യ എക്പ്രസിലെ ജീവനക്കാർ നടത്തുന്ന സമരത്തെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം.പി അബ്ദുസ്സമദ് സമദാനി സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഇ-മെയിൽ സന്ദേശം അയച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസികളായതിനാൽ അവർക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏർപ്പെടുത്തണമെന്ന് ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസിന്റേത്. ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സർവീസാണിത്. സർവീസ് റദ്ദാക്കിയതിനാൽ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാർ അനുഭവിക്കേണ്ടി വന്നത്. കേരളീയരായ പ്രവാസികൾക്ക് വലിയ ദുരിതം നൽകിക്കൊണ്ടാണ് സർവീസുകൾ റദ്ദാക്കിയത്. വിമാന സർവീസുകൾ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളിൽ യാത്രക്കാർ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാർക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴിൽപരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സർവീസ് റദ്ദാക്കൽ നടപടിയെന്നും സമദാനി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Air India strike: Samdani sends email to aviation minister seeking immediate action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.