നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ ലാൻഡ്ചെയ്ത വിമാനം പാർക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെ നിയന്ത്രണംവിട്ട് കാനയിലേക്ക് തെന്നിമാറി. വിമാനത്തിെൻറ മുന്നിെലയും പിന്നിെലയും ചക്രങ്ങൾ പൂർണമായി കാനയിലേക്ക് ചാടി. 102 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വിമാനത്തിന് ഏറക്കുറെ തകരാർ സംഭവിച്ചിട്ടുണ്ട്.ചൊവ്വാഴ്ച പുലർച്ച 2.45നാണ് സംഭവം. അബൂദബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 452 വിമാനമാണ് അപകടത്തിൽെപട്ടത്. എയർട്രാഫിക് കൺേട്രാൾ ടവറിൽനിന്ന് അനുമതി ലഭിച്ചതിനെത്തുടർന്ന് മഴയുണ്ടായിട്ടും വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. അവിടെനിന്ന് ടാക്സിവേയിലൂടെ പാർക്കിങ് ബേയിലേക്ക് കടക്കുമ്പോഴാണ് വിമാനം തെന്നിമാറി കാനയിൽ കുടുങ്ങിയത്.
വിമാനം രണ്ടുതവണ ശക്തമായി കുലുങ്ങിയെന്ന് യാത്രക്കാർ പറഞ്ഞു. വിമാനത്തിനുള്ളിലെ വെളിച്ച സംവിധാനങ്ങളിൽ ചിലത് പൊട്ടിവീഴുകയും ചെയ്തു. ഉടൻ സുക്ഷ ഉദ്യോഗസ്ഥരും ഫയർ വിഭാഗം ഉദ്യോഗസ്ഥരും വിമാനത്തിനകത്തു കടന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഗോവണി വഴി പുറത്തെത്തിച്ചു. വിമാനത്താവളത്തിലെ വൈദ്യസഹായ സംഘവും സ്ഥലത്തെത്തി. അപകടം റൺവേയിൽനിന്ന് അകലെയായതിനാൽ മറ്റു സർവിസുകളെ ബാധിച്ചില്ല.
റൺവേക്കും പാർക്കിങ് ബേക്കും ഇടയിലുള്ള പാതയിലാണ് അപകടം. ഇവിടെ യഥാർഥ ദിശയിൽനിന്ന് 90 മീറ്റർ മുമ്പായി വിമാനം തിരിഞ്ഞതാണ് സംഭവത്തിന് കാരണമായതെന്ന് വിമാനത്താവള കമ്പനി അധികൃതർ പറയുന്നു. എന്നാൽ, ഇത് പൈലറ്റിെൻറ അനാസ്ഥകൊണ്ടാണോ വിമാനത്തിെൻറ യന്ത്രത്തകരാർ കൊണ്ടാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. വിമാനത്തിനകത്തുള്ള വോയ്സ് റെക്കോഡർ ഇതിെൻറ ഭാഗമായി പരിശോധിക്കും. പൈലറ്റും എയർട്രാഫിക് കൺേട്രാൾ ടവർ ജീവനക്കാരും തമ്മിലുള്ള സംഭാഷണം ഇതിലുണ്ടാകും. ഇത് പരിശോധിച്ചാൽ ടവറിൽനിന്ന് പൈലറ്റിന് നൽകിയ നിർദേശത്തിൽ അപാകതയുണ്ടായോ എന്ന് അറിയാം. വിമാനത്തിൽ പൈലറ്റ് ഗുരീന്ദർസിങ്ങും സഹപൈലറ്റ് ടെലാൻ കാഞ്ചനുമായിരുന്നു.
കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) എം.ഡി വി.ജെ. കുര്യൻ, എയർ ഇന്ത്യ സി.ഇ.ഒ ശ്യാംസുന്ദർ, വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ, ആലുവ റൂറൽ എസ്.പി എ.വി. ജോർജ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തു. അപകടത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ അറിയിച്ചിട്ടുണ്ട്.
വിമാനം നീക്കാൻ ശ്രമം തുടരുന്നു
കാനയിലകപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമം തുടരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) വിദഗ്ധ സംഘമാണ് പ്രത്യേക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ ഇതിന് നേതൃത്വംനൽകുന്നത്. രാവിലെ 10ഒാടെയാണ് വിമാനം നീക്കാനുള്ള ജോലികൾ തുടങ്ങിയത്. വിമാനത്തിന് കൂടുതൽ തകരാർ സംഭവിക്കാത്ത വിധത്തിൽ നീക്കാനാണ് ശ്രമം നടക്കുന്നത്. എയർ ഇന്ത്യയുടെ വിമാന സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തിലാണ് ജോലികൾ. വിദേശരാജ്യങ്ങളിൽ പരിശീലനം നേടിയ 17 അംഗ സംഘമാണ് പ്രവർത്തനങ്ങളിൽ പെങ്കടുക്കുന്നത്. 20 കോടി രൂപ മുടക്കി സിയാൽ ‘എയർക്രാഫ്റ്റ് റിക്കവറി കിറ്റ്‘ സ്വന്തമായി വാങ്ങിയിരുന്നു. വിമാനം റൺവേ ഭാഗത്ത്് കുടുങ്ങിയാൽ ഉടൻ നീക്കംചെയ്ത് സർവിസ് പുനഃസ്ഥാപിക്കുകയാണ് ഇതിെൻറ ലക്ഷ്യം.
കാനക്ക് സുരക്ഷകവചമില്ലാത്തത് വിനയാകുന്നു
രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ് പോയൻറിൽനിന്ന് പാർക്കിങ്ബേയിലേക്ക് വിമാനം തിരിയുന്ന ടാക്സിവേയുടെ ഭാഗത്തുള്ള കാനക്ക് വേണ്ടത്ര സുരക്ഷകവചമില്ലാത്തത് വിനയാകുന്നു. 11 അടിയോളം വീതിയിലും ആറടിയോളം ആഴത്തിലുമാണ് ഇവിടെ കാനയുള്ളത്. ഈ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ കാന ഉപകരിക്കുമെങ്കിലും മുകളിൽ സ്ലാബുപോലുള്ള കവചം നിർമിക്കണമെന്നാണ് ആവശ്യം. നിലവിലുള്ള കാന മാറ്റി പകരം കൂറ്റൻ പൈപ്പുകളിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമാക്കിയും പ്രശ്നം പരിഹരിക്കാം. മുമ്പ് വിമാനത്താവള റൺവേയിലേക്ക് വെള്ളം കയറിയിരുന്നു. ഇതിനുശേഷമാണ് വെള്ളം ഒഴുകിപ്പോകുന്നതിന് വലിയ കാനകളും മറ്റും നിർമിച്ചത്.
2011ലെ അപകടത്തിന് സമാനം
2011 ആഗസ്റ്റിൽ നെടുമ്പാശ്ശേരിയിൽ ബഹ്റൈനിൽ നിന്നെത്തിയ ഗൾഫ് എയർ വിമാനം അപകടത്തിൽപ്പെട്ടതിനു സമാനമാണ് ചൊവ്വാഴ്ചത്തെ സംഭവവും. അന്ന് പുലർച്ച 3.55ന് ലാൻഡ്ചെയ്ത വിമാനം റൺവേ വിട്ട് ചളിക്കുണ്ടിൽ പതിച്ചു. ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങൾക്കു ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിൽനിന്ന് കൊണ്ടുപോകാൻ കഴിഞ്ഞത്. അന്ന് മണിക്കൂറുകളോളം റൺവേ അടച്ചിടേണ്ടിയുംവന്നു. എന്നാൽ, ഇക്കുറി റൺവേ അടക്കേണ്ടിവന്നില്ല. മറ്റു സർവിസുകൾ മുടക്കംകൂടാതെ നടത്താനും കഴിഞ്ഞു. അന്നത്തെ അപകടത്തിന് കാരണം പൈലറ്റിെൻറ അനാസ്ഥയാണെന്ന് അന്തിമ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലാൻഡ് ചെയ്യുമ്പോൾ വേണ്ട വേഗതെയക്കാൾ കൂടുതലുണ്ടായതുകൊണ്ടാണ് വിമാനം ചളിക്കുണ്ടിൽ വീണത്. എൻജിനിൽവരെ ചളി കയറിയതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വിമാനക്കമ്പനിക്കുണ്ടായത്.
വിറയൽ മാറാതെ ഷീജൻ
അബൂദബിയിൽനിന്ന് അവധിക്കെത്തിയ തിരുവല്ല സ്വദേശി ഷീജന് അപകടത്തെക്കുറിച്ച് വിവരിക്കുമ്പോഴും വിറയൽ വിട്ടുമാറിയിട്ടില്ല. വിമാനം ഇറങ്ങുന്ന സമയത്ത് തരക്കേടില്ലാതെ മഴയുണ്ടായിരുന്നു. പുറത്തെ കാഴ്ചകളൊന്നും വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. പുലർച്ച 2.30ഓടെ വിമാനം റൺവേയിലിറങ്ങുേമ്പാൾ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ, അവിടെനിന്ന് ടാക്സിവേയിലൂടെ പാർക്കിങ് ബേയിലേക്ക് കടക്കുമ്പോഴാണ് അത് സംഭവിച്ചത്. വിമാനം ഉയർന്നുതാണതുപോലെയാണ് അനുഭവപ്പെട്ടത്. യാത്രക്കാരെല്ലാം ഉണർന്നിരുന്നു. വിമാനം ഉടൻ കുത്തിനിന്നതോടെ എല്ലാവരും ഭയന്നു. ടാക്സിവേയിലേക്ക് നീങ്ങിയിരുന്നതുകൊണ്ടാണ് ആർക്കും പരിക്കുപറ്റാതിരുന്നത്. എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. എയർഹോസ്റ്റസുമാരെത്തി ഭയപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ് യാത്രക്കാരെ ആശ്വസിപ്പിച്ചു. വിമാനം പാർക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെ അൽപം ഉലച്ചിലുണ്ടായെന്നുമാത്രമാണ് ഇവർ യാത്രക്കാരോട് പറഞ്ഞത്. ഉടൻ ഫയർ വിഭാഗം ഉദ്യോഗസ്ഥരും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽനിന്ന് പുറത്തിറക്കി. പലരുെടയും ലഗേജുകൾ കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.