എ.ഐ കാമറ: പ്രതിപക്ഷത്തെ പരിഹസിച്ച് എം.വി ഗോവിന്ദൻ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തത് ഭാഗ്യമെന്ന്

തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തത് ഭാഗ്യമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

പ്രതിപക്ഷം അവസരവാദ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ടാം ലാവലിൻ എന്ന് പറ‍ുമ്പോൾ ഒന്നാം ലാവലിന് എന്തുപറ്റിയെന്ന് പറയണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

റോഡുകളിൽ എ.ഐ സുരക്ഷാ കാമറ സ്ഥാപിച്ച സർക്കാർ പദ്ധതി രണ്ടാം എസ്.എൻ.സി ലാവ‌്‌ലിനാണെന്നും പദ്ധതിയിൽ സമഗ്ര ജുഡീഷ്യൽ അന്വേഷണം വേമണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷ നേതാവ് കരാറുമായി ബന്ധപ്പെട്ട് സർക്കാറിനോട് ഏഴു ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവിന്‍റെ ഏഴു ചോദ്യങ്ങൾ:

1. കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഒ.ഇ.എം (Original Equipment Manufacturer) അല്ലെങ്കിൽ ഒ.ഇ.എമ്മിന്‍റെ authorized Vendorക്ക് മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് നിഷ്കർഷിക്കുന്നു. എന്നാൽ എ.ഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഒ.ഇ.എം/ഒ.എം.എം authorized Vendor അല്ലാത്ത എസ് ആർ.ഐ.ടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാരാർ നൽകിയത് എന്തുകൊണ്ട്?

2. കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം "data security, data integrity, configuration of the equipment, facility management " അടങ്ങുന്ന സുപ്രധാനമായ പ്രവർത്തികൾ ഉപകരാറായി നൽകാൻ പാടില്ല എന്ന വ്യവസ്ഥകൾക്ക് വിപരീതമായി എസ്.ആർ.ഐ.ടി ഉപകരാർ നൽകിയത് എന്തുകൊണ്ട്?

3. ഹൈവേകളും പാലങ്ങളും അടക്കം പണിയുന്ന, എ.ഐ കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ് (Ashoka Buildcon ltd) എന്ന എസ്.ആർ.ഐ.ടി.എല്ലിന്റെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്.ആർ.ഐ.ടി.എല്ലിനു കരാർ ലഭിക്കാൻ cartel ഉണ്ടാക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?

3. സ്വന്തമായി കരാർ നിർവഹിക്കാൻ സാമ്പത്തികമായി സാധികാത്ത എസ്.ആർ.ഐ.ടി എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എനീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്ക് വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്? ഏപ്രിൽ 12ലെ മന്ത്രിസഭ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽനിന്നു കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു എന്തുകൊണ്ട്?

5. കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ്.ആർ.ഐ.ടി ഉപകരാറായി മറ്റു സ്ഥാപനങ്ങളെ ഏൽപിച്ചുകൊണ്ടു എസ്.ആർ.ഐ.ടിക്ക് മൊത്തം തുകയുടെ 6 ശതമാനം, അതായതു 9 കോടി സർവിസ് ഫീസിനത്തിൽ (കമീഷൻ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?

6. സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്.ആർ.ഐ.ടി ടെക്നോപാർക്കിലെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ?

7. കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ്.ആർ.എൽ.ടിക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ അറ്റകുറ്റപ്പണിക്കായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?

Tags:    
News Summary - AI Camera Scam: MV Govindan mocks the opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.