കുമ്പള (കാസർകോട്): വാഹന നിയമം ലംഘിച്ചവർക്ക് പിഴയുടെ കൂമ്പാരംകൊണ്ട് പണി നൽകി നിരീക്ഷണ കാമറ. ടൗണിൽ കുമ്പള- ബദിയടുക്ക റോഡിൽ സ്ഥാപിച്ച എ.ഐ നിരീക്ഷണ കാമറയാണ് യാത്രക്കാർക്ക് ലക്ഷം രൂപവരെ പിഴയുമായി മുട്ടൻ പണി കൊടുത്തത്. കാമറ സ്ഥാപിച്ചതു മുതലുള്ള നിയമലംഘനങ്ങളുടെ പിഴയടക്കാൻ വാഹന ഉടമകൾക്ക് ഒന്നിച്ച് നോട്ടീസ് ലഭിക്കുകയായിരുന്നു. ചിലർക്ക് അവരുടെ വാഹനം വിറ്റാലും പിഴയടക്കാനുള്ള തുക ലഭിക്കില്ല എന്നാണ് പറയുന്നത്.
2023ലാണ് ഇവിടെ കാമറ സ്ഥാപിച്ചത്. 10 മാസക്കാലം കാമറ തകരാറിലായിരുന്നു. പിന്നാലെ ഏതാനും ആഴ്ചകൾ മുമ്പ് കാമറ നന്നാക്കി. കാമറ പ്രവർത്തിക്കുന്നതും കേടായതും ഒന്നും അറിയാതെ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെ കുമ്പള-ബദിയടുക്ക റോഡിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ വാഹന ഉടമകൾക്കാണ് പണികിട്ടിയത്.
ട്രാഫിക് നിയമലംഘനം എന്നത് പൊതുവിൽ എല്ലാവരും മറന്ന മട്ടിലായിരുന്നു. അതിനിടയിലാണ് എല്ലാം ഒന്നിച്ച് താങ്ങാൻ പറ്റാത്ത പിഴയായി വീണത്. 2023 മുതലുള്ള പിഴ ഒന്നിച്ച്, ഗതാഗതനിയമം ലംഘിച്ചവരെ തേടിയെത്തുകയായിരുന്നു. 53 പേർക്കാണ് നിലവിൽ നോട്ടീസ് ലഭിച്ചത്. സന്ദീപ് എന്നയാൾക്ക് ലക്ഷം രൂപയും കുമ്പളയിലെ വ്യാപാരികളായ അഷറഫിന് 60,000 രൂപയും ഹനീഫിന് 46,000 രൂപയും അടക്കാനാണ് നോട്ടീസ് ലഭിച്ചത്.
അതത് സമയത്ത് നോട്ടീസ് ലഭിച്ചിരുന്നുവെങ്കിൽ കൂടുതൽ നിയമലംഘനങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാൻ കഴിയുമായിരുന്നുവെന്ന് പിഴയടക്കേണ്ടവർ പറയുന്നു. അതേസമയം, അദാലത്ത് വഴി മിതമായ തുകയടച്ച് പിഴയിൽനിന്ന് മുക്തനാകാനും നിയമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.