വിദേശമാതൃകയില്‍ പഠനത്തോടൊപ്പം ജോലിയും ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് അഹമ്മദ് ദേവര്‍കോവില്‍

കൊച്ചി: വിദേശമാതൃകയില്‍ കേരളത്തിലും പഠനത്തോടൊപ്പം ജോലിയും ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച് വരികയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പത്തടിപ്പാലത്ത് നടന്ന കളമശ്ശേരി മണ്ഡലതല നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പുറപ്പെടുന്നതിനുള്ള പ്രധാന ആകര്‍ഷണീയത, അവിടെ പഠനത്തോടൊപ്പം ജോലി ചെയ്യാം എന്നുള്ളതാണ്. നമ്മുടെ കേരളത്തിലും ഈ സാഹചര്യമൊരുക്കും. പഠനത്തോടൊപ്പം ജോലി എന്ന ആശയത്തിന് പുറമേ പഠനശേഷം സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് സ്വന്തമായി സംരംഭം തുടങ്ങാനുള്ള പരിശീലനം നേടാനുള്ള അവസരവും സര്‍ക്കാര്‍ ഒരുക്കും.

വിദ്യാഭ്യാസം നേടി കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം സ്ഥാപനത്തിന്റെ ഉടമകളായി തീരുന്ന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. വിദേശരാജ്യത്തെ കുട്ടികള്‍ കേരളത്തില്‍ വന്ന് പഠിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഒരുക്കും. തൊഴില്‍ സാധ്യതയുള്ള നൂതന കോഴ്‌സുകള്‍ സര്‍ക്കാര്‍ കോളേജുകളില്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ്.

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം തൊഴില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം സര്‍ക്കാര്‍ നല്‍കി. ഇതിലൂടെ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനോടൊപ്പം അതിദാരിദ്ര്യമുള്ള കുടുംബങ്ങളെ കണ്ടെത്തി അതി ദാരിദ്ര്യമുക്തമാക്കാനും ശ്രമിച്ചു വരികയാണ് സര്‍ക്കാര്‍. എല്ലാ തലങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയുള്ള വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

News Summary - Ahmed Devarkov said that it will create a situation to study and work in the foreign model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.