ഹൈകോടതിയുടെ വിമർശനത്തിന് പിന്നാലെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ നവകേരള സദസ് വേദി മാറ്റി

കൊച്ചി: ഹൈകോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ നിയോജക മണ്ഡലത്തിൽ നടത്താനിരുന്ന നവകേരള സദസിന്‍റെ വേദി മാറ്റി. പുത്തൂർ സുവോളജിക്കൽ പാർക്കിൽ തീരുമാനിച്ച വേദിയാണ് സംസ്ഥാന സർക്കാർ മാറ്റിയത്. സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈകോടതി രൂക്ഷവിമർശനം നടത്തിയത്.

പാർക്കിന്‍റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാർക്കിങ് ഗ്രൗണ്ടിലാണ് വേദി ഒരുക്കിയതെന്ന പാർക്ക് ഡയറക്ടർ കീർത്തി ഐ.എഫ്.എസിന്‍റെ വാദം അംഗീകരിച്ചില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശബ്ദ നിയന്ത്രണം ഉണ്ടെന്നായിരുന്നു ഡയറക്ടറുടെ മറുപടി.

പുത്തൂർ സുവോളജിക്കൽ പാർക്കിലുള്ള 24 പക്ഷികളെയും രണ്ട് കടുവകളെയും സംരക്ഷിത മേഖലയിലാണ് പാർപ്പിച്ചിട്ടുള്ളത്. പരിപാടി നടക്കുന്നത് പാർക്കിങ് ഏരിയയിലാണെന്നും ഡയറക്ടർ കോടതിയെ അറിയിച്ചു. പാർക്കുമായി ബന്ധപ്പെട്ട രേഖകളും മാപ്പും കോടതിയിൽ സമർപ്പിച്ചിരുന്നു.

ഡയറക്ടറുടെ വാദം തള്ളിയ ഹൈകോടതി നവകേരള സദസിന് സുവോളജിക്കൽ പാർക്ക് നൽകാൻ സാധിക്കില്ലെന്ന് വാക്കാൽ പരാമർശം നടത്തി. ഇതോടെ, കോടതി അനുവദിക്കുന്നില്ലെങ്കിൽ വേദി മാറ്റാമെന്ന് സർക്കാർ ഹൈകോടതിയെ അറിയിക്കുകയായിരുന്നു.

Tags:    
News Summary - After the High Court's criticism, the venue of the Navakerala Sadas at Puthur Zoological Park was changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.