അഡ്വ. ബി.എ. ആളൂർ, അഡ്വ. പി.ജി. മനു

അഡ്വ. പി.ജി. മനു ജീവനൊടുക്കിയത് വീണ്ടും ജയിലിൽ പോകേണ്ടി വരുമോ എന്ന മാനസിക സംഘർഷം കാരണം -അഡ്വ. ബി.എ. ആളൂർ

തൃശൂർ: പീഡന​ക്കേസിൽ വീണ്ടും ജയിലിൽ പോകേണ്ടി വരുമോ എന്ന മാനസിക സംഘർഷം കാരണമായിരിക്കാം മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു ആത്മഹത്യ ചെയ്തതെന്ന് സഹപ്രവർത്തകൻ കൂടിയായ അഡ്വ. ബി.എ. ആളൂർ. കൊട്ടാരക്കരതാലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസ് ​കൊല്ലപ്പെട്ട കേസിൽ ആളൂരും പി.ജി. മനുവും ആയിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത്. ഈ കേസിന്റെ നടത്തിപ്പിനായാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് രണ്ടുമാസം മുൻപ് വാടക വീടെടുത്ത് മനു താമസം തുടങ്ങിയത്. ഇവിടെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്.

മനുവിന്റെ മരണം വളരെ ദുർഭാഗ്യകരമാണെന്ന് ആളൂർ പറഞ്ഞു. ‘സോഷ്യൽ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ രണ്ടാ​മതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവ​നൊടുക്കിയത്. അതിന്റെ മാനസിക സംഘർഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇനന് രാവിലെ ജൂനിയർ അഭിഭാഷകർ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മനുവിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ആദ്യ ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ സുപ്രീം കോടതിയിൽ വരെ പോയിട്ടും മുൻകൂർ ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് 59 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ജാമ്യം കിട്ടിയത്. രണ്ടാമതും കേസ് വന്നാൽ വീണ്ടും ജയിലിൽ പോ​കേണ്ടി വരുമല്ലോ എന്ന മാനസിക സംഘർഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്’ -അഡ്വ. ബി.എ. ആളൂർ പറഞ്ഞു.

തനിക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വീട്ടിൽ അഡ്വ. പി.ജി. മനു കുടുംബസമേതം എത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ ഏതാനും ദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇയാളും ഒപ്പമുള്ള സ്ത്രീകളും പീഡനത്തിനിരയായ യുവതിയുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊല്ലത്തെ വീട്ടിൽ മനുവി​നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മറ്റൊരു പീഡനക്കേസിലെ അതിജീവിത‌യായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് മനു. 2018ൽ ഉണ്ടായ ലൈംഗി‌കാതിക്രമക്കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിർദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി.ജി. മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി നൽകിയ മൊഴി. ഇതിനു ശേഷം തന്‍റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചിരുന്നു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതി മൊഴിനൽകിയിരുന്നു. മനു അയച്ച വാട്‌സാപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവിൽ എറണാകുളം പുത്തൻകുരിശ് പൊലീസിനു മുൻപാകെ മനു കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മനുവിനെ പ്ലീഡർ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പുതിയ പീഡനക്കേസ് കൂടി ഉയർന്നത്. ഭർത്താവിന്റെ കേസിന് വേണ്ടി മനുവിനെ സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ യുവതിയെ പീഡിപ്പിച്ചത്. കേസ് ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി ഭർത്താവിനോടും മറ്റും മാപ്പു പറഞ്ഞത്.

എൻ.ഐ.എ പ്രോസിക്യൂട്ടറായിരുന്ന മനുവാണ് പാനായിക്കുളം, നാറാത്ത് തുടങ്ങിയ കേസുകളിൽ എൻ.ഐ.എക്ക് വേണ്ടി ഹാജരായത്. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോൾ വാങ്ങി കുടിച്ചിരുന്നു. അതിനുശേഷം രാവിലെ മനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - adv ba aloor about adv pg manu's suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.