സീനിയറും യോഗ്യരുമായ പലരും ഉണ്ടായിട്ടും എന്നെയാണ് തങ്ങൾ പ്രഖ്യാപിച്ചത്, അച്ചൻ പറഞ്ഞ കഥകളൊക്കെ യാഥാർത്ഥ്യമായതായി ഇന്ന് അനുഭവിക്കുന്നു... -അഡ്വ. എ.പി. സ്മിജി

മലപ്പുറം: സീനിയറും യോഗ്യരുമായ പലരും ഉണ്ടായിട്ടും തന്നെയാണ് തങ്ങൾ പ്രഖ്യാപിച്ചതെന്നും അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ യാഥാർത്ഥ്യമായി ഇന്ന് അനുഭവിക്കുകയാണെന്നും മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ട അഡ്വ. എ.പി. സ്മിജി. ഒരിക്കൽ പോലും അങ്ങനെ ഒരു ആഗ്രഹം ഞാനോ എനിക്ക് വേണ്ടപ്പെട്ടവരോ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും എന്നെ മുസ്ലിംലീഗ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ സ്മിജി പറയുന്നു.

ചെറുപ്പത്തിൽ അച്ചൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാർ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി വീട്ടിൽ തൂക്കിയിട്ട ഫോട്ടോകളിൽ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ല. അഭിഭാഷകയായപ്പോൾ ആദ്യം അച്ചൻ കുട്ടിക്കൊണ്ട് പോയതും പാണക്കാട്ടേക്കായിരുന്നു... -സ്മിജി എഴുതുന്നു.

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇന്ന് ജില്ല പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. അന്തരിച്ച ജില്ല പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷന്‍ എ.പി ഉണ്ണികൃഷ്ണന്റെ മകളാണ് അഡ്വ. എ.പി. സ്മിജി. പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ല പഞ്ചായത്ത് അധ്യക്ഷനാകും. പി.കെ അസ്‌ലു ആണ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാൻ. ഷാഹിന നിയാസി വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സൺ. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി കെ.ടി. അഷ്‌റഫിനെയും തീരുമാനിച്ചു. യാസ്മിന്‍ അരിമ്പ്രയാണ് ഡെപ്യൂട്ടി ലീഡര്‍. ഷരീഫ് കൂറ്റൂരാണ് വിപ്പ്. ബഷീര്‍ രണ്ടത്താണി ട്രഷറര്‍.

സ്മിജിയുടെ ഫേസ്ബുക്ക് കുറിപ്പ്

ചെറുപ്പത്തിൽ അച്ചൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാർ ഉണ്ടായിരുന്നു..
പതിറ്റാണ്ടുകളായി വീട്ടിൽ തൂക്കിയിട്ട ഫോട്ടോകളിൽ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ല.

അച്ചൻ ഈശ്വരവിശ്വാസിയായിരുന്നു, ആചാരങ്ങളും അനുഷ്ഠാനങ്ങളും മുടങ്ങാതെ നിർവഹിച്ച വിശ്വാസി. ആ വിശ്വാസം തന്നെയാണ് അച്ചൻ ഞങ്ങളേയും പഠിപ്പിച്ചത്. വിശ്വാസ കാര്യത്തിൽ ഉറപ്പിച്ചു നിർത്തിയ പോലെ അച്ചൻ മറ്റൊന്നു കൂടി ഞങ്ങളെ പഠിപ്പിച്ചു. പാണക്കാട് കുടുംബവുമായുള്ള ബന്ധം. ആ കുടുംബം സഹോദര സമുദായങ്ങളോട് കാണിക്കുന്ന സ്നേഹത്തെ ചെറുപ്പത്തിലേ ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പഠന കാര്യത്തെ കുറിച്ച് ആദ്യം അഭിപ്രായം ചോദിച്ചതും, പിന്നീട് അഭിഭാഷകയായപ്പോൾ ആദ്യം അച്ചൻ കുട്ടിക്കൊണ്ട് പോയതും പാണക്കാട്ടേക്കായിരുന്നു...

അച്ചന്‍റെ കാലം കഴിഞ്ഞപ്പോഴും ഞങ്ങളെ ചേർത്തു നിർത്തി. അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആയത്.
ഇന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു.. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എന്നെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന്.

ജനറലായ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്രയോ സീനിയറും യോഗ്യരുമായ പലരും ഉണ്ടായിട്ടും എന്നെയാണ് തങ്ങൾ പ്രഖ്യാപിച്ചത്.
ഒരിക്കൽ പോലും അങ്ങനെ ഒരു ആഗ്രഹം ഞാനോ, എനിക്ക് വേണ്ടപ്പെട്ടവരോ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും എന്നെ മുസ്ലിംലീഗ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു.

അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുന്നു..
മുസ്ലിം ലീഗിന്‍റെ മതേതരത്വം, പാണക്കാട് കുടുംബത്തിന്‍റെ സാഹോദര്യ സ്നേഹം..
മലപ്പുറത്തിന്‍റെ ഈ സ്നേഹ പാഠം തലമുറകളിലൂടെ പരന്നൊഴുക്കട്ടെ..

Full View

Tags:    
News Summary - Adv AP Smiji FB post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.