അടൂർ പ്രകാശ്
കോഴിക്കോട്: സി.പി.ഐ ഇടതുമുന്നണി വിട്ട് യു.ഡി.എഫിനൊപ്പം ചേരണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്.
സി.പി.എമ്മിന്റെ വല്യേട്ടൻ അടിച്ചമർത്തലിന് നിൽക്കേണ്ട കാര്യം സി.പി.ഐക്കില്ല. യു.ഡി.എഫിൽ വന്നാൽ അർഹമായ സ്ഥാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എംശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് മുന്നണിയിൽ സി.പി.ഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലായിരുന്നു യു.ഡി.എഫ് കൺവീനറുടെ പ്രതികരണം.
'സി.പി.ഐയിൽ ഇപ്പോൾ ഒരു വിള്ളലുണ്ട്. വേദനകൾ കടിച്ചമർത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് നാളെ സി.പി.ഐ പറയും. പക്ഷെ, അകൽച്ചയുണ്ടായികഴിഞ്ഞു. അധികം താമസിയാതെ തന്നെ ഒരു ശുഭവാർത്ത നമുക്ക് പ്രതീക്ഷിക്കാം. ഇന്ന് തന്നെ അതിനുള്ള അവസരം ഒരുങ്ങും. എന്നെയും കെ.പി.സി.സി പ്രസിഡന്റിനെയും ഇന്ന് തന്നെ കാണുമെന്നണ് പ്രതീക്ഷിക്കുന്നത്.'- അടൂർ പ്രകാശ് പറഞ്ഞു.
സി.പി.ഐയിലെ വിള്ളൽ തുടങ്ങിയത് പി.എംശ്രീ വിഷയത്തിലല്ല. എന്നാൽ, പി.എംശ്രീ വിഷയത്തിൽ കൂടി ഒരു വിള്ളലുണ്ടായാൽ അത് സി.പി.ഐക്ക് താങ്ങാനുള്ള ശക്തി ഉണ്ടാക്കില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
കൊച്ചി: പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിൽ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ആർ.എസ്.എസ് അജണ്ട നടപ്പാനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് പി.എം ശ്രീയിൽ ഒപ്പിടാൻ തീരുമാനിച്ചത്. സർക്കാറിന്‍റേത് ഏകപക്ഷീയ നീക്കമാണ്. ഏറ്റവും വലിയ ഘടകകക്ഷിയായ സി.പി.ഐയെപ്പോലും ഇക്കാര്യം അറിയിച്ചില്ല. ഫണ്ട് വാങ്ങുന്നതിലല്ല, ആർ.എസ്.എസ് അജണ്ടയോട് എതിർപ്പ് കാണിക്കാത്തതിനെയാണ് തങ്ങൾ വിമർശിക്കുന്നതെന്നും വി.ഡി.സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
“പണ്ട് സി.പി.എം -ബി.ജെ.പി ബന്ധത്തിന്‍റെ ഇടനിലക്കാരനായി പ്രവർത്തിച്ചത് ശ്രീ എമ്മാണ്. ഇപ്പോൾ ഇടനിലയാകുന്നത് പി.എം ശ്രീയാണ്. അതാണ് വ്യത്യാസം. ഫണ്ട് വാങ്ങുന്നതിലല്ല, ആർ.എസ്.എസ് അജണ്ടയോട് എതിർപ്പ് കാണിക്കാത്തതിനെയാണ് ഞങ്ങൾ വിമർശിക്കുന്നത്. ആർ.എസ്.എസ് അജണ്ട എതിർക്കാൻ സർക്കാർ തയാറായിട്ടില്ല. നിബന്ധനകളിൽ യാതൊരു എതിർപ്പുമില്ലാതെ ഒപ്പുവെച്ചു. ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ. പി.എം ശ്രീ പദ്ധതിയെ കോൺഗ്രസ് നേരത്തെ തന്നെ ശക്തമായി എതിർത്തിരുന്നു.
കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് വിദ്യാഭ്യാസം. സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യാധികാരമിരിക്കെ കേന്ദ്രത്തിന്‍റെ താൽപര്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ചില സ്കൂളുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുക. ഇതോടെ സംസ്ഥാനത്ത് രണ്ടുതരം സ്കൂളുകൾ വരും. സി.പി.എം കേന്ദ്ര കമ്മിറ്റി സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന മന്ത്രിസഭ പദ്ധതിയിൽ ചേരാനുള്ള തീരുമാനം സ്വീകരിക്കുന്നത്. സി.പിഎമ്മിന് സി.പി.ഐയേക്കാൾ വലുത് ബി.ജെ.പിയാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം. സി.പി.ഐ അറിയുംമുമ്പേ സർക്കാർ നിരുപാധികം പദ്ധതിയിൽ ഒപ്പുവെച്ചു.
സി.പി.എം -ബി.ജെ.പി ബാന്ധവത്തിന്‍റെ വ്യക്തമായ മറ്റൊരു തെളിവാണിത്. ഞങ്ങൾ മുമ്പേ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ആയുഷ്മാൻ ഭരത് പദ്ധതിയിലും ഇതുതന്നെ ആയിരുന്നു സർക്കാർ സ്വീകരിച്ച നിലപാട്. ആദ്യം എതിർത്തിട്ട് അതിനെ അംഗീകരിച്ചു. സർക്കാറിന്‍റേത് ഏകപക്ഷീയ നീക്കമാണ്. മാധ്യമങ്ങളിലൂടെയാണ് സി.പി.ഐ ഇക്കാര്യം അറിയുന്നത്. നാണക്കേട് സഹിച്ച് മുന്നണിയിൽ തുടരണോ വേണ്ടയോ എന്ന കാര്യം സി.പി.ഐക്ക് തീരുമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.