ഗാ​ന്ധി​ജി അടൂരിൽ സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​കം

രണ്ടുതവണ മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ സ്മരണയിൽ അടൂർ

അടൂര്‍: രണ്ടുതവണ മഹാത്മാ ഗാന്ധിയുടെ പാദസ്പര്‍ശമേറ്റതിന്‍റെ സന്തോഷസ്മരണയിലാണ് അടൂർ ദേശം. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാര്‍ഥം 1920 ആഗസ്റ്റിലാണ് ആദ്യമായി ഗാന്ധിജി തിരുവിതാംകൂറില്‍ എത്തിയത്. അതിനുശേഷം വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് എത്തിയ ഗാന്ധിജി തിരുവിതാംകൂര്‍ മഹാരാജാവിനെയും റാണിയെയും സന്ദര്‍ശിച്ച് കന്യാകുമാരിയില്‍ പോയി മടങ്ങുമ്പോഴാണ് 1925 മാര്‍ച്ച് 15ന് ആദ്യമായി അടൂര്‍ വഴി കാല്‍നടയായി യാത്ര ചെയ്തത്.

തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്‍, കുണ്ടറ, കൊട്ടാരക്കര, അടൂര്‍, പന്തളം വഴി ചെങ്ങന്നൂരില്‍ സ്വീകരണം ഏറ്റുവാങ്ങി. 93 വര്‍ഷം പിന്നിടുന്നു ഗാന്ധിജി അടൂർ വഴി നടന്നുപോയിട്ട്. 1934 ജനുവരി 19ന് ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങാനും എസ്.എന്‍.ഡി.പി മന്ദിരമായ ടി.കെ. മാധവസൗധത്തിന് ശിലാസ്ഥാപനം നടത്താനുമാണ് രാഷ്ട്രപിതാവ് രണ്ടാമത് അടൂരിലെത്തിയത്. കാല്‍നടയായെത്തിയ ഗാന്ധിജിയെ വഴിയിലുടനീളം ജനം ആവേശത്തോടെ സ്വീകരിച്ചു. ആദിക്കാട്ടുകുളങ്ങര മുതല്‍ അദ്ദേഹത്തിനൊപ്പം നടന്ന് അടൂരില്‍ എത്തിയതും പഴമക്കാരുടെ ഓര്‍മയിലുണ്ട്.

ടി.കെ. മാധവസൗധത്തിന് ശിലയിടാന്‍ ഗാന്ധിജിക്ക് സംഘാടകര്‍ വെള്ളിക്കരണ്ടി നല്‍കിയപ്പോള്‍ തനിക്ക് വെള്ളിക്കരണ്ടിയെങ്കില്‍ കല്‍പണിക്കാരന് എന്തുകൊടുക്കുമെന്ന് ഗാന്ധിജി സംഘാടകരോട് ചോദിച്ചത്രേ. ഇപ്പോഴത്തെ അടൂര്‍ ജനറല്‍ ആശുപത്രിക്കവലയിലെ എസ്.എന്‍.ഡി.പി മന്ദിരത്തില്‍ രണ്ട് കടമുറികള്‍ക്കിടയിലെ ശിലാഫലകത്തെക്കുറിച്ച് പുതുതലമുറക്ക് അറിയില്ല. ഗാന്ധിജിയുടെ ഓര്‍മകള്‍ നിറയുന്ന ഈ ശിലാഫലകം ചരിത്രസ്മാരകമായി സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യം ജനപ്രതിനിധികളും സര്‍ക്കാറും അംഗീകരിച്ചിട്ടില്ല.

ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം ഗാന്ധിജി മൂന്ന് കിലോമീറ്റര്‍ അകലെ വടക്കടത്തുകാവിലെ ആല്‍ച്ചുവട്ടില്‍ ജനങ്ങളെ അഭിസംബോധനചെയ്തു. വടക്കടത്തുകാവ് ഗവ.വി.എച്ച്.എസ്.എസിനും ദേവീക്ഷേത്രത്തിനും സമീപമാണ് ഗാന്ധിജി സംസാരിച്ച ആല്‍ച്ചുവട്. ഗാന്ധിജി ഇവിടെയെത്തിയ ഓര്‍മക്ക് 2014ല്‍ വടക്കടത്തുകാവ് വി.എച്ച്.എസ്.എസ് പി.ടി.എയുടെ നേതൃത്വത്തില്‍ ആല്‍ച്ചുവട്ടില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

1995ല്‍ നവീകരിച്ച അടൂര്‍ സെന്‍ട്രല്‍ മൈതാനത്തിന് ഗാന്ധിസ്മൃതി മൈതാനം എന്ന് നാമകരണം ചെയ്തു. മൈതാനത്തിന്‍റെ പ്രധാന കവാടത്തിനു മുന്നില്‍ ഏഴുവര്‍ഷം മുമ്പ് നഗരസഭ അധികൃതര്‍ ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചു. എന്നാല്‍, ഗാന്ധിസ്മൃതിമൈതാനം നാശാവസ്ഥയിലും അധികൃതരുടെ അവഗണനയിലുമാണ്. ഗാന്ധിജിയുടെ കരസ്പര്‍ശമേറ്റ ശിലാഫലകവും വടക്കടത്തുകാവിലെ ആല്‍മരവും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Adoor in remembrance of Mahatmaji's feet touching twice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.