അടൂർ അപകടം: ഹാഷിമിന്റെ മൃതദേഹം ഖബറടക്കി, അനുജയുടെ സംസ്കാരം ഇന്ന്; ഇരുവരുടെയും ഫോണുകൾ പരിശോധിക്കും

അടൂര്‍: കെ.പി റോഡില്‍ പട്ടാഴിമുക്കില്‍ കാർ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് മരിച്ച കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38), സുഹൃത്ത് ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം (31) എന്നിവരുടെ ഫോണുകൾ സൈബർ സംഘം പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഹാഷിമിന്റെ രണ്ടുഫോണും അനുജയുടെ ഒരുഫോണുമാണ് പരിശോധിക്കുന്നത്. ഒരുവർഷത്തെ വിവരങ്ങൾ വീണ്ടെടുക്കാനാണ് നീക്കം.

തുമ്പമണ്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും ആറുമാസത്തിലേറെയായി അടുപ്പത്തിലായിരുന്നു. അനുജയ്ക്ക് ഭർത്താവും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ട്. കായംകുളം സ്വദേശിയായ ഭര്‍ത്താവിന് ബിസിനസാണ്. ഹാഷിം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യയും കുഞ്ഞും മലപ്പുറത്താണ്. ഏറെ നാളായി സ്വന്തം കാറിലാണ് അനുജ സ്‌കൂളില്‍ വന്നിരുന്നത്. വിനോദയാത്രക്ക് പോകാനും സ്കൂളിലേക്ക് കാറിലാണ് എത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടമരണം നടന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ തന്നെ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിൽ ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ ഖബറടക്കി. അനുജയുടെ സംസ്കാരം മറ്റപ്പള്ളിയിലെ വീട്ടുവളപ്പിൽ ഇന്ന് രാവിലെ 11 മണിക്ക് നടക്കും.

അടിമുടി ദുരൂഹത: കാറിൽ മൽപ്പിടിത്തം നടന്നതായി സൂചന; ഓടുന്നതിനിടെ ഡോർ തുറന്നു

അനുജ ജോലി ചെയ്യുന്ന തുമ്പമണ്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകര്‍ കുടുംബസമേതം ഇന്നലെ തിരുവനന്തപുരത്ത് വിനോദയാത്ര പോയിരുന്നു. ഇതിൽ അനുജ മാത്രം ഒറ്റയ്ക്കാണ് ചെന്നത്. മടങ്ങി വരുമ്പോൾ രാത്രി ഒമ്പതരയോടെ കുളക്കടയില്‍ വച്ച് ഹാഷിം മാരുതി സ്വിഫ്റ്റ് കാറില്‍ എത്തി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് അനുജയെ വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു.

കാര്‍ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റി മനപൂർവം അപകടം സൃഷ്ടിച്ച​താ​ണെന്നാണ് നിഗമനം. സഹ അധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴിയില്‍ നിന്ന് ലഭിക്കുന്ന സൂചനയും ഇതാണ്. അതിനിടെ, കാറിൽ മൽപിടിത്തം നടന്നതായും യാത്രക്കിടെ ഡോർ ഇടക്കിടെ തുറന്നുകിടന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിൽ നിന്ന് വന്ന കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ക്ലീനർ പറഞ്ഞു. കാറിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി.

അനുജയ്ക്ക് കാറിൽ വച്ച് മർദനമേറ്റതായി സംശയമുണ്ട്. അമിതവേഗത്തിൽ പാളിപ്പോയ കാറിന്റെ ഡോർ പലവട്ടം തുറന്നതായി ദൃക്സാക്ഷിയായ പഞ്ചായത്ത് അംഗം മൊഴി നൽകി. കെ പി റോഡിൽ ഏനാദിമംഗലം ഭാഗത്ത് വെച്ച് അമിതവേഗത്തിൽ പോകുന്ന കാർ പാളിപ്പോകുന്നുണ്ടായിരുന്നു. ഇടക്ക് ഡോർ തുറന്ന് കാൽ വെളിയിൽ വന്നു. മദ്യപസംഘം ആകാം എന്ന നിഗമനത്തിലായിരുന്നു പിന്നാലെ വന്നവർ. എന്നാൽ, ഏഴംകുളം പട്ടാഴിമുക്കില്‍ എത്തിയപ്പോഴേക്കും കാര്‍ ലോറിയില്‍ ഇടിച്ചു കയറ്റി. അനുജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിം ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ മരിച്ചു.

‘ചിറ്റപ്പന്റെ മകനായി ഹാഷിമിനെ പരിചയപ്പെടുത്തി’

വിനോദയാത്ര വാനിൽ നിന്ന് ഹാഷിം വിളിച്ചിറക്കിക്കൊണ്ട് പോകുമ്പോൾ ചിറ്റപ്പന്റെ മകൻ എന്നാണ് അനുജ പരിചയപ്പെടുത്തിയതെന്ന് സഹ അധ്യാപകർ പറഞ്ഞു. അനുജയുടെ മുഖത്ത് ഭീതിയുള്ളതായി തോന്നിയതിനാൽ സംശയം തോന്നിയ അധ്യാപകർ ബന്ധുക്കളെ വിളിച്ചപ്പോൾ ഇങ്ങനെ ഒരാൾ കുടുംബത്തിലില്ല എന്നറിഞ്ഞു. ഇടയ്ക്ക് ഫോൺ ചെയ്തപ്പോൾ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. അനുജയുടെ സ്വരത്തില്‍ പരിഭ്രമം ഉണ്ടായിരുന്നുവെന്നും പറയുന്നു. പിന്നീട് സുരക്ഷിതയാണെന്ന് പറഞ്ഞു. ബന്ധുക്കൾക്ക് അനുജയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. വിവരം പൊലീസിനെ അറിയിച്ചപ്പോഴേക്കും അപകടം നടന്നിരുന്നു. ഏഴരയ്ക്ക് കാറിൽ കയറിയ അനുജ പത്തുമണിയോടെയാണ് അപകടത്തിൽപ്പെടുന്നത്. 

Tags:    
News Summary - Adoor accident: cyber cell will recover phone data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.