നഴ്‌സിങ് കോളജുകളിലെ പ്രവേശന പ്രതിസന്ധി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18ശതമാനം ജി.എസ്.ടി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്‌സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ജി.എസ്.ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും അസോസിയേഷനുകള്‍ പിന്മാറിയത്. 119 സ്വകാര്യ കോളജുകളില്‍ 82 കോളജുകള്‍ രണ്ട് മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലായതിനാല്‍ കഴിഞ്ഞ വര്‍ഷം വരെ രണ്ട് അപേക്ഷാ ഫോമുകള്‍ക്ക് 2000 രൂപ ഫീസ് നല്‍കിയിരുന്ന സ്ഥാനത്ത് ഓരോ വിദ്യാര്‍ത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നല്‍കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പ്രവേശന പരീക്ഷ വേണമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലും മാനേജ്‌മെന്റ് അസോസിയേഷനുകളും ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും എന്തുകൊണ്ടാണെന്ന് വി.ഡി. സതീശൻ ചോദിച്ചു. അസോസിയേഷനില്‍ അംഗമല്ലാത്ത കോളജുകളെ കൂടി ഉള്‍പ്പെടുത്തി ഏകാജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ സുതാര്യമാക്കാനും അടിയന്തര ഇടപെടലുണ്ടാകണം. അഫിലിയേഷന്‍ നടപടികള്‍ വൈകിപ്പിക്കുന്നതിന് പിന്നില്‍ ദുരൂഹമായ ഇടപെടലുകള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് അങ്ങയുടെ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു. മാനേജ്മെന്റ് സീറ്റുകളിലെ മെറിറ്റ് ഇല്ലാതാകുകയും ഓരോ കോളജിലേക്കും പ്രത്യേകമായി അപേക്ഷിക്കുകയും ചെയ്യേണ്ട സ്ഥിതി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്.

2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജി.എസ്.ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്‌സിംഗ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. ജി.എസ്.ടി ആവശ്യപ്പെട്ടതാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും പിന്‍മാറാന്‍ അസോസിയേഷനുകളെ പ്രേരിപ്പിച്ചത്.

സംസ്ഥാനത്തെ 9355 നഴ്‌സിംഗ് സീറ്റുകളില്‍ 7105 എണ്ണവും സ്വകാര്യ കോളജുകളിലാണ്. 119 സ്വകാര്യ കോളജുകളില്‍ 82 കോളജുകള്‍ രണ്ട് മാനേജ്മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലായതിനാല്‍ കഴിഞ്ഞ വര്‍ഷം വരെ ഒരു കുട്ടി രണ്ട് അപേക്ഷകള്‍ക്കായി 2000 രൂപ നല്‍കിയാല്‍ 82 കോളജുകളില്‍ എവിടെയെങ്കിലും പ്രവേശനത്തിന് പരിഗണിക്കുകമായിരുന്നു. എന്നാല്‍ ഇത്തവണ ആ സൗകര്യം ഇല്ലാതായി. നിലവില്‍ ഓരോ വിദ്യാര്‍ത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നല്‍കേണ്ടി വരും. അതായത് 82 കോളജുകളിലേക്ക് അപേക്ഷിക്കണമെങ്കില്‍ 82000 രൂപ നല്‍കേണ്ട സ്ഥിതിയാണുണ്ടാകുന്നത്.

ഈ രണ്ട് അസോസിയേഷനുകളിലും അംഗമല്ലാത്ത 37 കോളജുകളില്‍ 7 ലക്ഷം രൂപയ്ക്കു മുകളില്‍ തലവരി നല്‍കണമെന്ന് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മെറിറ്റ് അട്ടിമറിക്കുന്നതിനൊപ്പം 82 കോളജുകളില്‍ കൂടി തലവരി മടങ്ങിയെത്താനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. പ്രവേശനപരീക്ഷ വേണമെന്ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും മാനേജ്മെന്റ് അസോസിയേഷനുകളും ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും എന്തുകൊണ്ടാണ്? അസോസിയേഷനില്‍ അംഗമല്ലാത്ത കോളജുകളെ കൂടി ഉള്‍പ്പെടുത്തി ഏകാജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ സുതാര്യമാക്കാനും അടിയന്തര ഇടപെടലുണ്ടാകണം.

ഇതിനൊപ്പം സ്വകാര്യ നഴ്‌സിംഗ് കോളജുകള്‍ക്ക് കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ചും സര്‍ക്കാരിന് മെല്ലപ്പോക്കാണ്. കൗണ്‍സില്‍ അംഗങ്ങള്‍ പരിശോധനയ്ക്ക് പോകേണ്ടതില്ലെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശവും നിയമവിരുദ്ധമാണ്. ഇത് പുനപരിശോധിക്കണം. അഫിലിയേഷന്‍ നടപടികള്‍ വൈകിപ്പിക്കുന്നതിന് പിന്നില്‍ ദുരൂഹമായ ഇടപെടലുകള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടണം.

ഈ വര്‍ഷത്തെ നഴ്‌സിംഗ് പ്രവേശനം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കണമെന്നും സെപ്റ്റംബര്‍ 30ന് അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാല്‍ ആയിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്ന മേല്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Tags:    
News Summary - Admission crisis in nursing colleges should be resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.