തിരുവനന്തപുരം: പത്ത് വർഷംമുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർഥിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ ്റ്റുമോര്ട്ടം ചെയ്യാന്‍ തീരുമാനം. ഭരതന്നൂര്‍ രാമരശേരി വിജയവിലാസത്തില്‍ വിജയകുമാറിെൻറ മകനും ഭരതന്നൂര്‍ ഗവ. എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാർഥിയുമായിരുന്ന ആദര്‍ശ് വിജയനാണ് 13ാം വയസ്സില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കൊലപാതകമെന്ന് കണ്ടെത്തിയിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കൂടത്തായി കൂട്ടമരണം തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധനക്കായി വീട്ടുവളപ്പില്‍ സംസ്‌കരിച്ച മൃതദേഹം വീണ്ടും പുറത്തെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പോസ്റ്റുമോർട്ടം തിങ്കളാഴ്ച നടത്തുമെന്നാണ് വിവരം.
2009 ഏപ്രില്‍ നാലിന് വൈകീട്ട് മൂന്നിന് കടയിലേക്കുപോയ ആദര്‍ശിനെ കാണാതാകുകയായിരുന്നു. തിരച്ചിലില്‍ വീട്ടില്‍നിന്ന് അകലെയുള്ള വയലിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. അപകടമരണമെന്ന നിലയിലായിരുന്നു ആദ്യം പൊലീസ് അന്വേഷണം നീങ്ങിയത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയും ചെയ്ത് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കി. തുടർന്ന്, അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
തലക്കും നട്ടെല്ലിനുമേറ്റ പരിക്ക് മരണകാരണമായെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ. വെള്ളം കുടിച്ചല്ല കുട്ടി മരിച്ചതെന്നും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സംഭവം നടന്ന കുളം അന്വേഷണസംഘം വെള്ളംവറ്റിച്ചു പരിശോധിച്ചെങ്കിലും തലക്കു ക്ഷതമേല്‍ക്കുന്ന കല്ലുപോലുള്ള ഒന്നും കണ്ടെത്താനായില്ല. എന്നാല്‍, കുളത്തില്‍നിന്ന് ഒരു കുറുവടി ലഭിച്ചു. ഇതോടെ കൊലപാതകമെന്ന സംശയം ബലപ്പെട്ടു. വീണ്ടും ശാസ്ത്രീയ പരിശോധനക്കായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.